തിരുവല്ല: ജനങ്ങൾ വഴികാട്ടികളായി മുന്നോട്ട് പോകുകയും അതിന് പിന്നാലെ വകുപ്പുകൾ പായുകയും ചെയ്യുന്ന വിചിത്രമായ സാഹചര്യമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നതെന്ന് മന്ത്രി ഡോ.ടി.എം തോമസ് ഐസക് പറഞ്ഞു.വരട്ടാറിലെ ആദ്യപാലത്തിന് ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.ചെങ്ങന്നൂർ എം.എൽ.എ അന്തരിച്ച കെ.കെ രാമചന്ദ്രൻനായരുടെ പേരു നൽകാനുദ്ദേശിക്കുന്ന വഞ്ഞിപ്പോട്ടിൽക്കടവ് പാലത്തിന്റെ രൂപരേഖ മൂന്ന് വർഷമായിട്ടും പൂർത്തിയാകാത്തതിൽ മന്ത്രി അതൃപ്തി പ്രകടിപ്പിച്ചു. ഇതിന് ഉദ്യോഗസ്ഥർ എന്ത് ന്യായം പറയുമെന്ന് അദ്ദേഹം ചോദിച്ചു.വരട്ടാർ രണ്ടാംഘട്ടത്തിന്റെ പ്രവർത്തനങ്ങൾ വൈകിയത് സർക്കാരിന്റെ വീഴ്ചയാണെന്ന് തുറന്ന് സമ്മതിച്ച മന്ത്രി ആനയാറിന് സമീപം കുന്നത്ത് മണ്ണിൽക്കടവിൽ നിർമ്മിക്കുന്ന പാലത്തിന്റെ ശിലാസ്ഥാപനം അടുത്തമാസം നടത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞു.4.5 ലക്ഷം രൂപ ചെലവിൽ നിർമ്മിക്കുന്ന പാലം 18മാസം കൊണ്ട് പൂർത്തിയാക്കാനാണ് കരാർ നൽകിയിരുന്നെതെങ്കിലും ഒരുവർഷം കൊണ്ട് പൂർത്തിയാക്കുമെന്ന് ഉദ്യോഗസ്ഥർ യോഗത്തിൽ മന്ത്രിയെ അറിയിച്ചു.നിർമ്മാണം പുരോഗമിക്കുന്ന പുതുക്കുളങ്ങര പള്ളിയോടത്തിന്റെ മാലിപ്പുരയിലും മന്ത്രി സന്ദർശനം നടത്തി. അശാസ്ത്രീയമായ കൃഷി രീതികളാണ് പലയിടത്തും തുടരുന്നതെന്ന് മന്ത്രി പറഞ്ഞു. ജലത്തിലെ കളകൾ നീക്കം ചെയ്യുന്ന യന്ത്രവും ഡ്രെജിംഗ് നടത്താനുള്ള യന്ത്രവും മേജർ ഇറിഗേഷൻ വകുപ്പ് വാങ്ങാൻ ധാരണയായിട്ടുണ്ട്. ഇത് ലഭ്യമായാൽ വരട്ടാറിൽ ആദ്യം പരീക്ഷിക്കും. പ്രളയത്തിൽ വരട്ടാറിൽ അടിഞ്ഞ മണ്ണ് നീക്കംചെയ്യുന്ന ജോലികൾ അടുത്തമാസം ആരംഭിക്കും. ക്യുബിക് മീറ്ററിന് 683 നിരക്കിലാണ് കരാർ നൽകിയിരിക്കുന്നത്. ഇതിനാവശ്യമായ അനുമതി നൽകിക്കഴിഞ്ഞതായും മന്ത്രി പറഞ്ഞു.മന്ത്രി കെ.കെ കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ വീണ ജോർജ്ജ്, സജി ചെറിയാൻ,ജലവകുപ്പ് ചീഫ് എൻജിനിയർ കെ.എച്ച് ഷംസുദീൻ, ഡോ.വർഗീസ് ജോർജ്ജ്,അലക്സ് കണ്ണമല,എസ്.വി സുബിൻ,ശ്രീലേഖ രഘുനാഥ്,എൻ.രാജീവ്,സജൻ സാമൂവൽ,എം.ജി ബിനു,ആർ.കൃഷ്ണകുമാർ,എൽ.പ്രജിത,മനു തെക്കേടത്ത്,ബിന്ദു കെ.നായർ എന്നിവർ പ്രസംഗിച്ചു.