അടൂർ: വിവിധ ഡിപ്പോകളിൽ നിന്നും മിനിട്ടുകൾ ഇടവിട്ട് സർവീസുള്ള റൂട്ടാണ് എം.സി റോഡിലേത്. അടൂർ ഡിപ്പോയിലെ ഒരു സർവീസ് മുടങ്ങിയതുവഴി യാത്രക്കാർ ആരും ബുദ്ധിമുട്ടില്ല.എന്നാൽ ഏകമാത്രമായ ബസുകളുള്ള റൂട്ടിലെ ടേക്ക് ഒാവർ സർവീസുകൾ ഇക്കാരണത്തിന്റെ പേരിൽ മുടക്കുന്നത് ആർക്ക് വേണ്ടി..? പ്രത്യേകിച്ചും ദീർഘദൂര സ്വകാര്യ ബസുകൾ സർവീസുകൾ നടത്തുന്ന റൂട്ടിലെ സർവീസുകൾ ആകുമ്പോൾ.അർത്ഥശങ്കയ്ക്കിടയില്ലാതെ പറയാൻ കഴിയും-സ്വകാര്യ ബസുകളെ സഹായിക്കാനാണെന്ന്. അത്തരത്തിലുള്ള മൂന്ന് സർവീസുകളെയാണ് അടൂരിലെ ഡിപ്പോ അധികൃതർ ഇല്ലാതാക്കിയത്. ഇതിലുള്ള രോക്ഷം ജീവനക്കാർക്കിടയിലുണ്ടെങ്കിലും മുകളിൽ നിന്നുള്ള തിരക്കഥ യാഥാർത്ഥ്യമാക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുന്ന അടൂർ ഡിപ്പോയിലെ ഉന്നതന്റെ നടപടിയെ ചോദ്യം ചെയ്താലും ഫലമില്ലാത്ത അവസ്ഥയാണുള്ളത്.സംരക്ഷിക്കാൻ മുകളിൽ ആളുണ്ടെന്ന സ്ഥിതിയാണ് അടൂർ ഡിപ്പോയുടെ ഇന്നത്തെ ദുരവസ്ഥയ്ക്ക് കാരണം.

ടേക്ക് ഒാവർ' സർവീസ് എന്നാൽ.....

രാവിലെ 5.50 അടൂർ -കട്ടപ്പന -കൂട്ടാർ,7.20 അടൂർ -പത്തനംതിട്ട -തൊടുപുഴ -ആലുവ,7.50 അടൂർ -കുമളി എന്നീ സർവീസുകാണ് 'ടേക്ക് ഒാവർ' സർവീസ് എന്ന ഒാമനപ്പേരിൽ അടൂർ ഡിപ്പോയിൽ നിന്നും ആരംഭിച്ചത്.ഇത് തുടങ്ങിയതോടെ സ്വകാര്യ സർവീസുകളുടെ വരുമാനത്തിൽ ഇടിവുണ്ടാവുകയും മുൻപേ പാഞ്ഞ കെ.എസ്.ആർ.ടി.സിക്ക് മോശമല്ലാത്ത വരുമാനം ലഭിക്കുകയും ചെയ്തു.ഇത് മുൻമന്ത്രിയുടെ ബന്ധുവിന്റെ സർവീസുകളുടെ വരുമാനത്തെയാണ് ഇടിച്ചത്.ഇതിനെ സഹായിക്കാനായിരുന്ന ശബരിമല സീസണിന്റെ മറവിൽ എം.സി റോഡിലെ സർവീസുകൾക്ക് പകരമാക്കി ഒാടിച്ച് ടേക്ക് ഒാവർ സർവീസുകളുടെ തലവരയ്ക്ക് കടിഞ്ഞാണിട്ടത്.അതേ നടപടി ഇപ്പോഴും തുടരുന്നതിനാൽ കെ.എസ്.ആർ.ടി.സിയുടെ സർവീസിനെ കൃത്യമായി ആശ്രയിക്കാൻ കിയാത്ത അവസ്ഥ സംജാതമാവുകയും യാത്രക്കാർ സ്വാകാര്യ ബസുകളിൽ തന്നെ റിസർവേഷൻ നടത്തി യാത്ര തുടരുകയും ചെയ്തയോടെ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയത് കെ.എസ്.ആർ.ടി.സി സർവീസുകൾ മാത്രം.ആലുവായിൽ നിന്നും രാത്രിയിൽ അടൂർ എത്തുന്ന അടൂർ -ആലുവ ബസ് യാത്രക്കാരില്ലാതെ കൊട്ടാരക്കര വരെ പോയി അതേ അവസ്ഥയിൽ തിരികെ അടൂർ ഡിപ്പോയിൽ എത്തുന്നതിന്റെ ശാസ്ത്രീയത എന്തെന്ന് ചോദിച്ചാലും മറുപടിയില്ല.ഇൗ സർവീസും കൊട്ടാരക്കര ഡിപ്പോയെ ഏൽപ്പിക്കുന്നതിനുള്ള തിരക്കഥയാണ് ഇതിന് പിന്നിലും (തുടരും)