പത്തനംതിട്ട : തെരുവ് നായ്ക്കളെ പേടിച്ച് വഴിനടക്കാനാവാത്ത സ്ഥിതിയിലാണ് ജനം. പഞ്ചായത്തുകൾ ഫണ്ട് നൽകാത്തതിനാൽ വന്ധ്യംകരണ പദ്ധതി പ്രതിസന്ധിയിലായതോടെ നായ്ക്കളുടെ എണ്ണം പെരുകുകയാണ്. കുടുംബശ്രീയുടെ കീഴിലുള്ള ആനിമൽ ബെർത്ത് കൺട്രോളിംഗ് യൂണിറ്റിനാണ് വന്ധ്യംകരണത്തിന്റെ ചുമതല. ഇവരാണ് നായകളെ കണ്ടെത്തി ആശുപത്രിയിൽ എത്തിക്കുന്നത്. പഞ്ചായത്തുകളിൽ മിക്കവയും ഫണ്ട് നൽകാത്തതിനാൽ എല്ലായിടത്തും വന്ധ്യംകരണം നടത്താൻ കഴിയുന്നില്ലെന്ന് അധികൃതർ പറഞ്ഞു. ഒരു നായയെ വന്ധ്യംകരിക്കാൻ 2100 രൂപയാകും. സർജറിയും മൂന്ന് ദിവസത്തെ സംരക്ഷണവും പോഷക ഭക്ഷണവും നൽകുന്നതിനാലാണ് ഇത്രയും ചെലവ്.ഫണ്ട് വിനിയോഗം നടത്തിയെന്നറിയിക്കാനായി 50000 രൂപ മാത്രമാണ് മിക്ക പഞ്ചായത്തുകളും നീക്കിവയ്ക്കുന്നത്. ഇതുപയോഗിച്ച് 23 നായ്ക്കളെ മാത്രമേ വന്ധ്യംകരിക്കാൻ കഴിയു. ഒരു പഞ്ചായത്തിൽ കുറഞ്ഞത് 180 നായ്ക്കളെങ്കിലും ഉണ്ടാകും. പത്തനംതിട്ട നഗരത്തിൽ ഭൂരിഭാഗം നായകളേയും വന്ധ്യംകരിച്ചിട്ടുണ്ട്. ഭക്ഷണ മാലിന്യം കിടക്കുന്നിടത്താണ് ഇവ കൂട്ടമായി എത്തുന്നത്.

------------------

രാത്രിയിലാണ് നായ്ക്കൾ കൂട്ടമായി ആക്രമിക്കാനെത്തുക. വഴി നടക്കാൻ തന്നെ ബുദ്ധിമുട്ടാണ്. വെയിറ്റിംഗ് ഷെഡുകൾ പോലും ഇവ കൈയടക്കും.

രാജി പുല്ലാട്

---------------------

വന്ധ്യംകരണത്തിന് ആവശ്യത്തിന് ഫണ്ടില്ലാത്തത് ബുദ്ധിമുട്ടിലാക്കാറുണ്ട്. വന്ധ്യംകരണത്തിന് ശേഷം പിടിച്ച സ്ഥലത്തുതന്നെ നായകളെ തുറന്നുവിടും. നിരന്തരമായ വന്ധ്യംകരണ പ്രക്രിയയിലൂടെ തെരുവുനായ ശല്യം നിയന്ത്രിക്കാനാകും. മൂന്ന് വർഷമെങ്കിലും നിരന്തരം പദ്ധതി നടപ്പാക്കിയാൽ തെരുവുനായ്ക്കൾ ഇല്ലാതെയാകും."

ആനിമൽ ബെർത്ത് കൺട്രോളിംഗ് യൂണിറ്റ് അധികൃതർ