പത്തനംതിട്ട : ദുരൂഹ സാഹചര്യത്തിൽ തലയ്ക്ക് പരിക്കേറ്റ നിലയിൽ കണ്ടെത്തിയ ശബരിമലയിലെ ചുമട്ടുതൊഴിലാളി മരിച്ചു. റാന്നി പഴവങ്ങാടി പാറക്കുളത്ത് വീട്ടിൽ സജീവ് കുമാർ (52) ആണ് മരിച്ചത്. പമ്പയിൽ ഇന്നലെ രാവിലെ 7.30ന് റോഡരികിൽ അവശനിലയിൽ കിടന്ന സജീവ് കുമാറിനെ കൂടെ ജോലി ചെയ്യുന്ന സുഹൃത്തുക്കളാണ് ആദ്യം കണ്ടത്. ഉടൻ നിലയ്ക്കലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തലയ്ക്ക് ശക്തമായി അടിയേറ്റതോ വാഹനം ഇടിച്ചതെന്നോ സംശയിക്കുന്ന മുറിവുള്ളതായി പരിശോധിച്ച ഡോക്ടർ പറഞ്ഞു. മുപ്പതിലധികം വർഷമായി ശബരിമലയിൽ ജോലി ചെയ്യുകയാണ് സജീവ്. രണ്ടാഴ്ച മുമ്പ് വീട്ടിൽ വന്നുപോയതാണ്. ബന്ധുക്കൾ എസ്.പിയ്ക്ക് പരാതി നൽകിയിട്ടുണ്ട്. പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ് മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഭാര്യ : പൊന്നമ്മ. മക്കൾ : സജിത്ത് , സേതു.