പന്തളം: ശബരിമല ക്ഷേത്രത്തിലെ തിരുവാഭരണം പരിശോധിക്കാനും കണക്കെടുക്കാനും സുപ്രീം കോടതി നിയോഗിച്ച ഏകാംഗ കമ്മിഷനായ ഹൈക്കോടതി റിട്ട.ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ ഇന്നലെ രാവിലെ പന്തളം വലിയകോയിക്കൽ സ്രാമ്പിക്കൽ കൊട്ടാരത്തിലെത്തി ഇവിടെ സൂക്ഷിച്ചിരിക്കുന്ന ആഭരണങ്ങളുടെ എണ്ണം, ഡിസൈൻ എന്നിവ പരിശോധിച്ചു.. അവയുടെ മാറ്റും തൂക്കവും ജൂവലറി വിദഗ്ധരുടെയും സ്കാനർ ഉൾപ്പെടെയുള്ള ഉപകരണങ്ങളുടെയും സഹായത്തോടെ നിർണയിച്ചു.
സ്രാമ്പിക്കൽ കൊട്ടാരത്തിലെ നിർവ്വാഹക സംഘം ഭാരവാഹികളുമായി ജസ്റ്റിസ് രാമചന്ദ്രൻ നായർ കൂടിക്കാഴ്ച നടത്തി. തുടർന്ന് തിരുവാഭരണങ്ങൾ സുരക്ഷിത മുറിയിൽ നിന്ന് പുറത്തെടുത്ത് ഓഫീസിൽ എത്തിച്ചായിരുന്നു പരിശോധന. .അഡിഷണൽ ഗവ. പ്ലീഡർ അഡ്വ.അനന്തകൃഷ്ണൻ.ദേവസ്വം വിജിലൻസ് എസ്.പി.ബിജോയി, ദേവസ്വം ഡെപ്യൂട്ടി കമ്മിഷണർ കൃഷ്ണകുമാരവാര്യർ. കൊട്ടാരം നിർവ്വാഹക സംഘം പ്രസിഡന്റ് പി.ജി.ശശികുമാർ വർമ്മ ,സെക്രട്ടറി പി.എൻ നാരായണവർമ്മ, കുടുംബാംഗങ്ങൾ എന്നിവരും എത്തിയിരുന്നു.
തിരുവാഭരണം പരിശോധിച്ച് കണക്കെടുത്ത് നാലാഴ്ചക്കകം മുദ്ര വച്ച കവറിൽ റിപ്പോർട്ട് നൽകാൻ
സുപ്രീംകോടതി കഴിഞ്ഞ 7നാണ് കമ്മിഷനെ നിയോഗിച്ചത്. പന്തളം കൊട്ടാരത്തിൽ അധികാര തർക്കം നിലനിൽക്കുന്നതിനാൽ കൊട്ടാരത്തിൽ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണം സുരക്ഷിതമാണോയെന്നും സർക്കാരിനിത് ഏറ്റെടുത്തു കൂടെയെന്നും കോടതി ചോദിച്ചിരുന്നു. ശബരിമലയിൽ 2006 ൽ നടത്തിയ ദേവപ്രശ്നം ചോദ്യം ചെയ്ത് രാമവർമ്മ രാജ നൽകിയ ഹർജിയാണ് സുപ്രീം കോടതിക്ക് മുന്നിലുള്ളത്. രാജകുടുംബത്തിലെ ഒരു വിഭാഗം തിരുവാഭരണം കൈയ്യടക്കാൻ ശ്രമിക്കുകയാണന്ന് മറുഭാഗം ആരോപിച്ചതോടെയാണ് സുപ്രീം കോടതി കണക്കെടുപ്പിലേക്ക് നീങ്ങിയത്.
തിരുവാഭരണം
പന്തളം കൊട്ടാരം നിർവ്വാഹകസംഘത്തിന്റെ ചുമതലയിലാണ് തിരുവാഭരണങ്ങൾ സ്രാമ്പിക്കൽ കൊട്ടാരത്തിൻ സൂക്ഷിച്ചിട്ടുള്ളത്. അയ്യപ്പന്റെ പിതൃസ്ഥാനീയനായ പന്തളം രാജാവ് പുത്രന് അണിയിക്കാൻ പണിതതാണ് തനി തങ്കത്തിൽ തീർത്ത ആഭരണങ്ങൾ എന്നാണ് വിശ്വാസം. എല്ലാ വർഷവും ധനു 28ന് പന്തളത്തു നിന്ന് ഘോഷയാത്രയായി ശബരിമലയിൽ കൊണ്ടു പോയി മകര
സംക്രമസന്ധ്യയിൽ വിഗ്രഹത്തിൽ ചാർത്തിയാണ് മകരവിളക്കിന് ശബരിമല നട തുറക്കുന്നത്.
'കോടതി നിർദേശിച്ച സമയത്തിനുള്ളിൽ റിപ്പോർട്ട് നൽകും.തിരുവാഭരണങ്ങളുടെ സുരക്ഷിതത്വം തൃപ്തികരമാണ്.'
-ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായർ