ഇലന്തൂർ: കാളിമയ്ക്ക് മീതെ കാളുന്നൊരു പന്തം ഇന്ന് തെളിയും... പടയണിയുടെ തിരികൊളുത്തലായ ചുട്ടുവയ്പ്പിന്റെ പ്രഭ ഇന്ന് ഭഗവതികുന്നിൽ തെളിയും.
കുംഭഭരണി നാളായ ഇന്ന് രാവിലെ 10ന് ഉത്സവത്തിന്റെ ആദ്യ ചടങ്ങായ 101 കലംപൂജ ക്ഷേത്രത്തിൽ നടക്കും. ഇലന്തൂരിലെ പാടങ്ങളിൽ വിളഞ്ഞ നെൽക്കതിരുകളിൽ നിന്നുള്ള വിളവ് ഗ്രാമദേവതയ്ക്ക് നേദിക്കുന്ന ചടങ്ങാണ് 101 കലം മഹാനൈവേദ്യം.
ഇലന്തൂർക്കാവിലമ്മയെ കൊട്ടിവിളിച്ച് ഇറക്കുന്ന ചടങ്ങായ ചൂട്ട് വയ്പ്പ് രാത്രി അത്താഴപൂജയ്ക്ക് ശേഷം ക്ഷേത്രത്തിൽ നടക്കും. ശ്രീകോവിലിൽ നിന്ന് മേൽശാന്തി നാരായണമംഗലം കേശവൻ നമ്പൂതിരി പകർന്ന് നൽകുന്ന ദീപത്തിൽ നിന്ന് കൊളുത്തുന്ന ചൂട്ടുകറ്റ പടേനി ആശാൻ ഇട്ടിമാടത്ത് കിഴക്കേതിൽ ദിലീപ്കുമാർ എറ്റുവാങ്ങി ചൂട്ടു വലത്തോടെ ആർപ്പും കുരവയുമായി കാവുണർത്തി പടേനിക്കളത്തിലെ കന്നിക്കോണിൽ കരക്കാരുടെ അനുമതിയോടെ സ്ഥാപിക്കും. തുടർന്ന് പച്ച തപ്പിൽ ജീവ കൊട്ടുന്നതോടെ അമ്മയുടെ ചൈതന്യം ഈ പടയണിക്കാലം മുഴുവൻ കളത്തിൽ ഉണ്ടാകുമെന്നാണ് വിശ്വാസം. ഇനിയുമുള്ള മൂന്നു രാവുകളിലെ കാവുണർത്തലിന് ശേഷം എട്ടു പടേനിക്ക് തുടക്കും കുറിക്കും.

കോലങ്ങൾ...

പിശാച്, മറുത, സുന്ദരയക്ഷി, കാലൻ, ഭൈരവി എന്നീ കോലങ്ങൾ എട്ടുദിവസവും കളത്തിൽ നിറഞ്ഞാടും.കൂടാതെ കരവാസികൾ വഴിപാടായി സമർപ്പിയ്ക്കുന്ന കരിങ്കാളി, രുദ്രമറുത, നിണഭൈരവി, എരിനാഗയക്ഷി, അന്തരയക്ഷി, അരക്കിയക്ഷി, മായയക്ഷി, കരിനാഗയക്ഷി, വടിമാടൻ, പക്ഷി തുടങ്ങിയ വിശേഷാൽ കോലങ്ങൾ ഓരോ ദിവസങ്ങളിലായി കളത്തിൽ എത്തും.


വല്യപടേനി

മാർച്ച് 11ന് രാവ് പുലരവോളം കൊലങ്ങൾ തുള്ളിയൊഴിഞ്ഞ് ചൂട്ടുകറ്റയിൽ വിളിച്ചിറക്കിയ കുന്നിലമ്മയെ ശ്രീകോവിലിലേക്ക് കൊട്ടിക്കയറ്റുന്നതോടെ ഈ പടേനിക്കാലത്തിന് പരിസമാപ്തിയാകും.