തുമ്പമൺ: ചരിത്രമുറങ്ങുന്ന കിടങ്ങന്നൂർ-പളളിമുക്കത്ത് കാവ് ദേവീക്ഷേത്രത്തിൽ,പളളിവിളക്കിന്റെ നാട്ടിൽ മറ്റൊരു പടേനിക്കാലം കൂടി വരവായ്. ഈ വർഷത്തെ പടേനി ചുട്ടുവെയ്പ്പ് മാർച്ച് ​1ന് (കുംഭ മാസത്തിലെ കാർത്തിക നാളിൽ) അത്താഴപൂജയ്ക്കുശേഷം ക്ഷേത്ര മേൽശാന്തി മുരിക്കവേലിൽ ഇല്ലത്ത് സരേന്ദ്രൻ നമ്പൂതിരി ശ്രീകോവിലിൽനിന്നും തെളിയിക്കുന്ന ദീപം ചൂട്ടുകറ്റയിലേക്ക് പകർന്ന് പടേനി കളരി ആശാൻ,മണ്ണിൽ രാജൻ ആശാന്റെ നേതൃത്വത്തിൽ പടേനി സംഘാംഗങ്ങൾ എല്ലാവരും ചേർന്ന് ക്ഷേത്രത്തിന് പ്രദക്ഷിണം നടത്തി. പടേനി കളത്തിന്റെ തെക്കുകിഴക്ക് മൂലയിൽ പ്രത്യേകം തയാറാക്കിയ സ്ഥലത്ത് ചൂട്ടുവെയ്ക്കുന്നു.തുടർന്ന് 26നാളിലെ പരിശീലനത്തിനശേഷം വലിയ പടേനി ദിവസമായ മാർച്ച് 26 രാത്രി 11.30ന് ഏറനാട്ട് പടേനിക്കൽനിന്നും ക്ഷേത്രത്തിലേക്ക് കോലം എടുത്തുവരവ് ആരംഭിക്കുകയും,രാത്രി 12ന് വലിയപടേനി. ഗണപതി,മാടൻ,മറുത,പക്ഷി,അന്തരയക്ഷി,കരിങ്കാലൻ,സുന്ദരയക്ഷി, മായയക്ഷി,അരക്കിയക്ഷി,ഭൈരവി,കാലൻ എന്നീ കോലങ്ങൾ തുളളിയൊഴിഞ്ഞ് കളംവിടുന്നതോടെ ഈ വർഷത്ത് പടേനിക്ക് സമാപനം കുറിക്കും.വടക്കൻശൈലിയിലുളള പടേനി അവതരിപ്പിക്കുന്ന ഏക ക്ഷേത്രമാണ് പള്ളിമുക്കത്ത് കാവ് ദേവീക്ഷേത്രം. വടക്കൻ ശൈലിയുടെ ചൊല്ലുകളും ചുവടുകളും അണുവിട തെറ്റാതെ തലമുറകൾക്ക് കൈമാറി കാത്തുസൂക്ഷിക്കുന്ന ഏക കാവായി പളളിമുക്കത്ത് ദേവീക്ഷേത്രം മാറിയിരിക്കുന്നു.900 വർഷങ്ങൾക്കമേൽ പഴമ അവകാശപ്പെടാവുന്ന കണ്ണായിബിംബ പ്രതിഷ്ഠയുളള പളളിമുക്കത്ത് ദേവീക്ഷേത്രത്തിൽ ആദിമകാലംമുതൽ കുംഭ ഭരണിക്ക് പിറ്റേന്നാൾ (കുംഭ കാർത്തിക) ചൂട്ടുവെയ്പ്പും തുടർന്നുള്ള 28നാൾ (മീനഭരണി) വരെ പടേനിയും ആഘോഷപൂർവം നടന്നിരുന്നു. പിൽക്കാലത്ത് ഇന്നുളള രൂപത്തിൽ ഉത്സവനാളിൽ മാത്രം പടേനി അവതരിപ്പിക്കുവാൻ തുടങ്ങിയിട്ട് 38 വർഷങ്ങളായി.ഇന്നും ആദിമകാലത്തെ അനുസ്മരിപ്പിക്കും വിധം കുംഭ മാസത്തിലെ കാർത്തിക നാളിൽ ചൂട്ടുവെയ്പ്പ് നടത്തുകയും മീനമാസത്തിലെ രേവതി നാളിൽ നടക്കുന്ന വലിയ പടേനിയോടുകൂടി സമാപിക്കുന്നതുമാണ്. അതിനുശേഷമാണ് മീനഭരണി ഉത്സവവും പളളിവിളക്ക് എഴുന്നെളളിപ്പും നടക്കുന്നത്.