ജില്ലയിൽ 5,594 വീടുകൾ പൂർത്തിയായി, (ഡക്ക്)
പത്തനംതിട്ട: സംസ്ഥാനത്തൊട്ടാകെ ലൈഫ് മിഷനിലൂടെ രണ്ടു ലക്ഷം വീടുകൾ പൂർത്തീകരിച്ചതിന്റെ സംസ്ഥാനതല പ്രഖ്യാപനം ഇന്ന് നടക്കുന്നതിനോട് അനുബന്ധിച്ച് ജില്ലയിലെ തദ്ദേശസ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ലൈഫ് സന്തോഷ സംഗമം സംഘടിപ്പിക്കും. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ നടക്കുന്ന 30,000 ഗുണഭോക്താക്കളുടെ സംഗമവേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപനം നടത്തുന്ന അതേ അവസരത്തിൽ ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും ലൈഫ് മിഷനിലൂടെ പൂർത്തീകരിച്ച വീടുകളുടെ പ്രഖ്യാപനം നടക്കും. മുഴുവൻ ഗുണഭോക്താക്കളുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ തദ്ദേശ സ്ഥാപന അദ്ധ്യക്ഷന്മാർ പ്രഖ്യാപനം നടത്തും.
പ്രഖ്യാപനത്തോട് അനുബന്ധിച്ച് ഗുണഭോക്താക്കളുടെ കലാപരിപാടികളും, ചർച്ചകളും, അനുഭവങ്ങൾ പങ്കുവയ്ക്കലും മറ്റും നടക്കും.
തിരുവനന്തപുരത്ത് നടക്കുന്ന രണ്ടു ലക്ഷം ഭവന പൂർത്തീകരണ പ്രഖ്യാപനത്തിന്റെ തൽസമയം സംപ്രേക്ഷണം നടത്താനുള്ള സജ്ജീകരണങ്ങൾ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഉണ്ടായിരിക്കും. കൂടാതെ ലൈഫ് മിഷൻ തയാറാക്കിയിട്ടുള്ള അനുഭവകഥകളുടെ ഡോക്യുമെന്റുകളുടെ പ്രദർശനവും നടക്കും.
ലൈഫ് മിഷന്റെ ഭാഗമായി ജില്ലയിൽ ആകെ പൂർത്തീകരിച്ചിട്ടുള്ളത് 5,594 വീടുകളാണ്. ഇതിൽ ലൈഫ് മിഷൻ ഒന്നാംഘട്ടമായ പൂർത്തീകരിക്കാത്ത ഭവനങ്ങളുടെ പൂർത്തീകരണത്തിൽ 1,169 വീടുകളും രണ്ടാംഘട്ടമായ ഭൂമിയുള്ള ഭവന നിർമാണത്തിൽ 1,678 വീടുകളും, പിഎംഎവൈ ലൈഫ് (നഗരം) 964 വീടുകളും പിഎംഎവൈ ലൈഫ് (ഗ്രാമീൺ) 679 വീടുകളും പട്ടികജാതി വകുപ്പ് മുഖേന 1,097 വീടുകളും പട്ടികവർഗ വകുപ്പ് മുഖേന ഏഴ് വീടുകളും ഉൾപ്പെടുന്നു.