പത്തനംതിട്ട : പാചകവാതകം ഇന്ധനമായി പ്രവർത്തിക്കുന്ന സഞ്ചരിക്കുന്ന ശ്‌മശാനം തയാറാക്കാനൊരുങ്ങി കൊടുമൺ പഞ്ചായത്ത്. പഞ്ചായത്തിന്റെ 2018-2019 വർഷത്തെ ഫണ്ടിൽനിന്ന് മൂന്ന് ലക്ഷം രൂപയാണ് പദ്ധതിക്കായി നീക്കിവച്ചിരിക്കുന്നത്. മാർച്ച് 31 മുൻപായി സഞ്ചരിക്കുന്ന ശ്മശാനത്തിന്റെ പ്രവർത്തനം ആരംഭിക്കുമെന്നും തുച്ഛമായ നിരക്കിൽ മൃതദേഹം സംസ്‌ക്കരിക്കാനുള്ള ക്രമീകരണങ്ങളാണ് ഒരുക്കുകയെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞന്നാമ്മകുഞ്ഞ് പറഞ്ഞു. വാഹനത്തിൽ ഘടിപ്പിച്ച് എവിടെ വേണമെങ്കിലും കൊണ്ടു പോകാൻ സാധിക്കുന്ന രീതിയിലാകും സഞ്ചരിക്കുന്ന ശ്മശാനം ഒരുക്കുക. അരമണിക്കൂർ സമയത്തിനുളളിൽ മൃതദേഹം ദഹിപ്പിക്കാൻ കഴിയുമെന്ന് കൊടുമൺ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ആർ.എസ് ഉണ്ണിത്താൻ പറഞ്ഞു. ശ്മശാനം വാങ്ങുന്നതിന് മുന്നോടിയായിപഞ്ചായത്ത് പ്രദേശത്തെ വിവിധ സാമുദായിക, സാമൂഹിക സംഘടനകളുടെ പ്രതിനിധികളുടെ യോഗം വിളിച്ചുചേർക്കും.