അടൂർ: കാഴ്ചയുടെ വിസ്മയം തീർത്ത് നാലാമത് അടൂർ അന്താരാഷ്ട്ര ചലച്ചിത്രമേള തുടങ്ങി. രാവിലെ മുതൽ സിനിമകൾ ആസ്വദിക്കാൻ എത്തിയവരുടെ വേറിട്ട സാന്നിദ്ധ്യം മേളയുടെ മാറ്റുകൂട്ടി. രാജ്യാന്തര ചലച്ചിത്രങ്ങൾ അറിയാനും അനുഭവിയ്ക്കാനുമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചലച്ചിത്ര പ്രേമികളാണ് അടൂർ സ്മിതാ തിയറ്ററിലെത്തിയത്. ലോകസിനിമ വിഭാഗത്തിലുള്ള യുഗോസ്ളാവിയൻ ചിത്രമായ എസ്കേപ് ഫ്രം സോബിബോറായിരുന്നു ഉദ്ഘാടന ചിത്രം. രണ്ടാം ലോകമഹായുദ്ധകാലത്ത് ഹിറ്റ്ലറുടെ നിർദ്ദേശാനുസരണം ഒരുക്കിയ തടവറയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന തടവുകാരുടെ അതിജീവനത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. തുടർന്ന് മലയാള സിനിമ വിഭാഗത്തിൽ സന്തോഷ് ബാബുസേനൻ, സതീഷ് ബാബുസേനൻ എന്നിവർ ചേർന്നു സംവിധാനം ചെയ്ത ഇരുട്ട് പ്രദർശിപ്പിച്ചു. ജോലിയിൽ നിന്നു വിരമിച്ച ചരിത്ര പ്രൊഫസറുടെ തുറന്നു പറച്ചിലുകളും തിന്മകൾക്കെതിരായ പോരാട്ടങ്ങളും സൃഷ്ടിക്കുന്ന പ്രതിസന്ധികളാണ് ഇരുട്ട് വിഷയമാക്കിയത്. ഉച്ചയ്ക്ക് ശേഷം മലയാള സിനിമ വിഭാഗത്തിൽ ജെ.ഗീത സംവിധാനം ചെയ്ത റൺ കല്യാണി സ്ത്രീപക്ഷ സിനിമ എന്ന നിലയിൽ ശ്രദ്ധേയമായി. വീട്ടുജോലിക്കാരിയായ ഒരു പെൺകുട്ടിയിലൂടെ സഞ്ചരിക്കുകയാണ് ചിത്രം. തുടർന്ന് തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിൽ ഉരുട്ടിക്കൊലയ്ക്ക് വിധേയനായ ഉദയ് കുമാറിന്റെ അമ്മ കേസിലെ പ്രതികളെ കണ്ടെത്തുന്നതും ശിക്ഷിക്കുന്നതിനായി നടത്തിയ നിയമ പോരാട്ടത്തിന്റെയും കഥ പറയുന്ന മായിഘാട്ട്, ലോക സിനിമ വിഭാഗത്തിൽ എ ബാഗ് ഓഫ് മാർബ്ൾസ് എന്നീ ചിത്രങ്ങൾ പ്രദർശിപ്പിച്ചു. ചലച്ചിത്ര മേള കാണാൻ എത്തുന്നവർക്കായി വടക്കൻ കേരളത്തിന്റെ തനതു കലാരൂപമായ വിവിധ തെയ്യങ്ങളുടേയും തിറകളുടേയം ചിത്ര പ്രദർശനവും വേറിട്ട അനുഭവമായി. കെ.എ.പി മൂന്നാം ബറ്റാലിയൻ കമാണ്ടന്റ് അരവിന്ദ് സുകുമാരന്റെ ഭാര്യ ഹൈദ്രാബാദ് സ്വദേശിനി ഇന്ദു ചിന്ത പകർത്തിയ ചിത്രങ്ങളാണ് ശ്രദ്ധയാകർഷിക്കുന്നത്. ഒപ്പം കാലിഡോസ്കോപ്പ് 2020 എന്ന പേരിൽ ആർ. ധനേഷ് കുമാർ വരച്ച വിവിധ ചലച്ചിത്ര പ്രതിഭകളുടെ ചിത്രങ്ങളും ചിത്രപ്രദർശനത്തിന് മാറ്റുകൂട്ടുന്നു.