അടൂർ: സിനിമകൾ സാർവദേശീയമായി മാറണമെന്ന് സംവിധായകൻ പ്രിയനന്ദൻ. നാലാമത് അടൂർ അന്താരാഷ്ട്ര ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൃത്യമായ കാഴ്ചയും രാഷ്ട്രീയവും സിനിമകളിലുണ്ടാകുമ്പോഴാണ് അത് ശ്രദ്ധിയ്ക്കപ്പെടുന്നത്. കലകൾ എന്നത് താൽക്കാലികമായ ഒന്നല്ല. അത് അടുത്ത തലമുറയ്ക്കു കൂടിയുള്ളതാകണം. സമകാലികമായ വായനമാത്രമായി ഒതുങ്ങേണ്ട ഒന്നല്ല സിനിമ. സൗന്ദര്യത്തിനും അപ്പുറമുളള വേദനകളെ പകരുന്നതാണ് നല്ല സിനിമകളെന്നും പ്രിയനന്ദൻ പറഞ്ഞു. സംവിധായകൻ ഡോ. ബിജു അദ്ധ്യക്ഷത വഹിച്ചു. സംവിധായകരായ ജെ.ഗീത, സതീഷ് ബാബുസേനൻ, സി. സുരേഷ് ബാബു, നഗരസഭ അദ്ധ്യക്ഷ സിന്ധു തുളസീധരക്കുറുപ്പ്, ബി.ആർ. ബിനുലാൽ എന്നിവർ പ്രസംഗിച്ചു.