പത്തനംതിട്ട: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് സംഘടിപ്പിച്ച ശബരിമല റോപ് വേ പബ്ലിക് ഹിയറിംഗ് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്നു. ജില്ലാ കളക്ടർ പി ബി നൂഹ് അദ്ധ്യക്ഷത വഹിച്ചു. റോപ് വേ നിർമ്മാണത്തിൽ ജനങ്ങളുടെ സംശയങ്ങൾക്ക് കമ്പനി ഉത്തരം നൽകി. ചോദ്യോത്തരങ്ങൾ സ്റ്റേറ്റ് എൻവയോൺമെന്റ് ഇംപാക്ട് അതോറിറ്റി പരിശോധിക്കുമെന്ന് കളക്ടർ പറഞ്ഞു. ട്രാക്ടർ ശബ്ദ മലിനീകരണത്തേക്കുറിച്ചും, പ്രളയബാധിത പ്രദേശമായ പമ്പയിലും കമ്പനി പഠനം നടത്തും. കോർപ്പറേറ്റ് എൻവയോൺമെന്റ് റെസ്പോൺസിബിളിറ്റിയുടെ ഭാഗമായി രണ്ട് ശതമാനം തുക ഉപയോഗിച്ച് അട്ടത്തോട്ടിൽ കുടിവെള്ള പദ്ധതി നടപ്പാക്കും. ആദിവാസി യുവാക്കൾക്ക് പരിശീലനം നൽകി ഓപ്പറേറ്റർ ജോലി നൽകും. ആനത്താര, മൃഗങ്ങൾ അധികമായി വരുന്ന സ്ഥലങ്ങൾ എന്നിവ സംരക്ഷിച്ചാവും റോപ്വേ നിർമ്മിക്കുക. 2.7 കിലോമീറ്റർ ദൂരത്തിൽ 19 തൂണുകളാണ് റോപ്വേയ്ക്കായി നിർമ്മിക്കുക. 250 മരങ്ങൾ തൂൺ നിർമ്മാണത്തിനായി മുറിക്കേണ്ടിവരും. മുറിക്കുന്ന മരങ്ങൾക്ക് പകരമായി വനം വകുപ്പ് ഉദ്യോഗസ്ഥർ നിർദേശിക്കുന്ന സ്ഥലത്ത് ഒന്നിന് പത്ത് എന്ന തരത്തിൽ വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ച് പരിപാലിക്കുമെന്ന് കമ്പനി പ്രതിനിധികൾ പറഞ്ഞു.
ഹിൽടോപ്പ് കെ.എസ്.ഇ.ബി സബ് സ്റ്റേഷന് സമീപം മുതൽ സന്നിധാനം പൊലീസ് ബാരക്കിന് സമീപം വരെയാണ് റോപ് വേ നിർമ്മിക്കുക. അഞ്ച് ഹെക്ടർ സ്ഥലത്താണ് ചരക്ക് നീക്കത്തിനായി റോപ് വേ സ്ഥാപിക്കുന്നത്. പദ്ധതി നടപ്പാക്കുന്നത് എയിറ്റീൻന്ത് സ്റ്റെപ്പ് ദാമോദർ കേബിൾ കാർ പ്രൈവറ്റ് ലിമിറ്റഡാണ്. പാരിസ്ഥിതിക പഠനം നടത്തിയത് പെർഫാക്ടോ എൻവൈറോ സൊല്യൂഷൻ പ്രൈവറ്റ് കമ്പനിയാണ്.
ദുരന്ത ദിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ഗ്രിഗറി കെ. ഫിലിപ്പ്, പെരിയാർ ടൈഗർ റിസർവ് വെസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ സി.കെ ഹാബി, തിരുവനന്തപുരം റീജിയണൽ ഓഫീസ് മലിനീകരണ നിയന്ത്ര ബോർഡ് ചീഫ് എൻവയോൺമെന്റൽ എൻജിനീയർ സിന്ധു രാധാകൃഷ്ണൻ, മലിനീകരണ നിയന്ത്ര ബോർഡ് അസി. എൻജിനിയർ എസ്.എൻ നിഷ, മലിനീകരണ നിയന്ത്ര ബോർഡ് ജില്ലാ ഓഫീസർ അലക്സാണ്ടർ ജോർജ് , കേബിൾ കാർ പ്രൈവറ്റ് ലിമിറ്റഡ് ഓപറേഷൻ ഹെഡ് ഉമാ നായർ, പെർഫെക്ട് എൻവയോൺമെന്റൽ സൊല്യൂഷ്യൻസ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ ആൻഡ് സി ഇ ഒ രച്ന ഭാർഗവ, മാനേജിംഗ് ഡയറക്ടർ പ്രവീൺ ഭാർഗവ, അട്ടത്തോട് ആദിവാസി മൂപ്പൻ നാരായണൻ തുടങ്ങിയവർ പങ്കെടുത്തു.