പന്തളം: എസ്.എൻ.ഡി.പിയോഗം പന്തളം യൂണിയന്റെ ആസ്ഥാന മന്ദിരത്തോട് അനുബന്ധിച്ച് പുതുതായി പണികഴിപ്പിച്ച ശിവഗിരി - ശബരിമല തീർത്ഥാടക വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച രാവിലെ 10ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവ്വഹിക്കും. സ്വാമി ശിവബോധാനന്ദ അനുഗ്രഹപ്രഭാഷണം നടത്തും. രാവിലെ 9.45 ന് ആസ്ഥാന മന്ദിരത്തിന് സമീപം യൂണിയൻ - ശാഖാ - വനിതാസംഘം - യൂത്ത് മൂവ്‌മെന്റ് - കുമാരി സംഘം പ്രവർത്തകരുടെ നേതൃത്വത്തിൽ ചെണ്ടമേളത്തിന്റെയും കലാരൂപങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ ജനറൽ സെക്രട്ടറിയെ വരവേൽക്കും. തീർത്ഥാടക വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചശേഷം നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ ജനറൽ സെക്രട്ടറിയെ പൂഴിക്കാട് എസ്.എൻ നഗർ ശാഖാങ്കണത്തിലേക്ക് എത്തിക്കുന്നതും സ്വീകരണം നൽകുന്നതുമാണ്. എസ്.എൻ നഗർ ശാഖാ ഗുരുപ്രതിഷ്ഠയുടെ സിൽവർ ജൂബിലി ആഘോഷ ഉദ്ഘാടനം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവ്വഹിക്കും. ഉദ്ഘാടനത്തിനും പൊതുസമ്മേളനത്തിലും എല്ലാ ശാഖാ പ്രവർത്തകരും പങ്കെടുക്കണമെന്ന് യൂണിയൻ പ്രസിഡന്റ് അഡ്വ.സിനിൽ മുണ്ടപ്പള്ളി, വൈസ് പ്രസിഡന്റ് ടി.കെ.വാസവൻ, യൂണിയൻ സെക്രട്ടറി ഡോ.ഏ.വി.ആനന്ദരാജ് എന്നിവർ അഭ്യർത്ഥിച്ചു.