പത്തനംതിട്ട: രാഷ്ട്രീയം മറന്ന് പോരാട്ടവീര്യം പുറത്തെടുത്ത പൊളിറ്റീഷ്യൻസ് ടീം കരുത്തരായ പോസ്റ്റൽ ടീമിനെ 12 റൺസിന് പരാജയപ്പെടുത്തി പ്രസ് ക്ലബ് സൗഹൃദ ക്രിക്കറ്റ് മത്സരത്തിൽ കിരീടം നിലനിറുത്തി. സംസ്ഥാന എക്‌​സൈസ് വകുപ്പ് വിമുക്തി മിഷനും ജില്ലാ സ്‌​പോർട്‌​സ് കൗൺസിലുമായി ചേർന്ന് പ്രസ്​ക്ലബ് സംഘടിപ്പിച്ചതായിരുന്നു ടൂർണമെന്റ്.
ഗ്രൂപ്പ് അടിസ്ഥാനത്തിലുളള ടൂർണമെന്റിൽ എ ഗ്രൂപ്പ് ജേതാക്കളായ പോസ്റ്റൽ ടീമും ബി ഗ്രൂപ്പ് ജേതാക്കളായ പൊളിറ്റീഷ്യൻസുമാണ് കിരീടത്തിനായി പൊരുതിയത്. എട്ട് ഓവർ മത്സരത്തിൽ ടോസ് നേടിയ പൊളിറ്റീഷൻസ് ബാറ്റിംഗ് തെരഞ്ഞെടുത്തു. ഏഴ് വിക്കറ്റ് നഷ്ടത്തിൽ അവർ 70 റൺസ് എടുത്തു. ഒരോവറിൽ ഒമ്പത് റൺസ് ലക്ഷ്യവുമായി രണ്ടാമത് ബാറ്റിംഗ് ആരംഭിച്ച പോസ്റ്റൽ ടീമിന് മുറക്ക് വിക്കറ്റ് വീണത് തിരിച്ചടിയായി. രാഹുലിന് മാത്രമെ അൽപമെങ്കിലും പിടിച്ച് നിൽക്കാൻ കഴിഞ്ഞുള്ളു. ഒമ്പത് വിക്കറ്റിന് 58 റൺസ് എടുക്കാനെ പോസ്റ്റലിന് കഴിഞ്ഞുള്ളു. മാൻ ഓഫ് ദ സീരീസായി പൊളിറ്റിഷ്യൻസ് ഇലവനിലെ ഷിഹാബും മാൻ ഓഫ് ദ മാച്ചായി പൊളിറ്റിഷ്യൻസ് ഇലവനിലെ ആരിഫ് ഖാനും മികച്ച ബാറ്റ്‌​സ്മാനായി കളക്ടേഴ്‌​സ് 11 ലെ സാബുദ്ദീനും ബൗളറായി പോസ്റ്റൽ ഇലവനിലെ രാഹുൽ കൃഷ്ണയും ഫീൽഡറായി മീഡിയ 11ലെ രഞ്ചി ഗോപിനാഥും തെരഞ്ഞെടുക്കപ്പെട്ടു. ചാമ്പ്യൻമാരായ പൊളിറ്റിക്കൽ 11ന് സ്‌​പോർട്‌​സ് കൗൺസിൽ മുൻ പ്രസിഡന്റ് കെ.ഐ. കൊച്ചീപ്പൻമാപ്പിള സ്മാരക ട്രോഫി സമ്മാനിച്ചു. എം.എൽ.എമാരായ രാജു ഏബ്രഹാം, ചിറ്റയം ഗോപകുമാർ, വീണാ ജോർജ്, ജില്ലാ കളക്ടർ പി.ബി. നൂഹ്, സ്‌​പോർട്‌​സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽ കുമാർ എന്നിവർ സമ്മാനദാനം നിർവഹിച്ചു.