ഇലന്തൂർ : പടയണി പ്രിയയായ ഇലന്തൂർക്കാവിലമ്മയ്ക്ക് മുമ്പിൽ ചൂട്ടു തെളിഞ്ഞ് ജീവതാളം മുഴക്കിയതോടെ ഇലന്തൂരിന് ഇനി പടേനിക്കാലം.
ഇന്നലെ രാത്രി ഭഗവതികുന്നിലമ്മയുടെ അത്താഴപൂജയ്ക്ക് ശേഷം മേൽശാന്തി നാരായണമംഗലം കേശവൻ നമ്പൂതിരി ശ്രീകോവിലിൽ നിന്ന് പകർന്നു നൽകിയ ചൂട്ടുകറ്റ പടയണി ആശാൻ ദിലീപ് കുമാർ ഏറ്റുവാങ്ങി ആർപ്പുവിളിച്ച് കാവുണർത്തി കരക്കാരുടെ അനുവാദത്തോടെ പടേനിക്കളത്തിലെ കന്നിക്കോണിൽ സ്ഥാപിച്ചു. പച്ചത്തപ്പിൽ ജീവ കൊട്ടിയതോടെ പടേനിക്ക് തുടക്കമായി. കളത്തിലേക്ക് വിളിച്ചിറക്കിയ ഭഗവതിക്ക് മുമ്പിലാണ് കോലങ്ങൾ തുള്ളിയൊഴിയുന്നത് എന്നാണ് കരക്കാരുടെ വിശ്വാസം. ഇനിയുള്ള മൂന്നു ദിവസവും ചൂട്ടുവലത്തോടെയുള്ള ജീവ കൊട്ടികാവുണർത്തൽ നടക്കും.
ഇലന്തൂർ പടേനി ഗ്രാമത്തിലെ വിവിധ കരകളായ ഇലന്തൂർ കിഴക്ക്, ഇലന്തൂർ മേക്ക്, മണ്ണുംഭാഗം , പരിയാരം, എന്നിവിടങ്ങളിൽ കോലപ്പുരകൾ ഒരുക്കുന്ന തിരക്കിലാണ് കരക്കാർ.
ഒന്നാം പടേനി ദിവസത്തിൽ മണ്ണുംഭാഗം കരയിൽ നിന്ന് കൂട്ടക്കോലങ്ങളായ ഗണപതി,മറുത, സുന്ദരയക്ഷി, കാലൻ, ഭൈരവി എന്നീ കോലങ്ങളെ കൂടാതെ ആത്യപൂർവ്വമായി മാത്രം തുള്ളാറുള്ള കരിങ്കാളിക്കോലം കളത്തിൽ തുള്ളിയൊഴിയും.
രണ്ടാംരാവിൽ ഭഗവതികുന്നിലമ്മയുടെ മൂലസ്ഥാനമായ കാരയ്ക്കാട്ട് രക്ഷസ്സ് നടയിൽ നിന്ന് കിഴക്ക്കരയുടെ അഭിമുഖ്യത്തിൽ കോലങ്ങളെ എതിരേയ്ക്കും അന്ന് കൂട്ടക്കോലങ്ങളെക്കൂടാതെ നിണ ഭൈരവി കളത്തിലെത്തും.
മൂന്നാം പടേനി ദിനത്തിൽ കൂട്ടക്കോലങ്ങളോടൊപ്പം മറുതാക്കോലങ്ങളിൽ ഭാവതീവ്രത കൊണ്ട് വ്യത്യസ്തമായ രുദ്രമറുത കളത്തിലെത്തും.
നാലാം പടേനി ദിനത്തിൽ ഇലന്തൂർമേക്ക് കരയുടെ കരപ്പടേനി, കൂട്ടകോലങ്ങളോടൊപ്പം അന്തരയക്ഷി കളത്തിൽ എത്തും.
അഞ്ചാം പടേനി ദിനത്തിൽ പരിയാരം കരയിൽ നിന്നു വരുന്ന കൂട്ടക്കോലങ്ങളെ കൂടാതെ കരിനാഗയക്ഷിക്കോലവും കളത്തിലെത്തും. ആറാം പടേനിരാവിൽ കൂട്ടക്കോലങ്ങളോടൊപ്പം യക്ഷിക്കോലങ്ങളിൽ രൗദ്രഭാവത്തിൽ തുള്ളിയൊഴിയുന്ന അരക്കിയക്ഷി കളത്തിലെത്തും.
ഏഴാം പടേനിരാവിൽ കൂട്ടക്കോലങ്ങളോടൊപ്പം എരിനാഗയക്ഷികളത്തിലെത്തും.
എട്ടാം ദിനമായ മാർച്ച് 11ന് ഇലന്തൂർ കിഴക്ക് കരയിൽ നിന്ന് വല്യപടേനിക്കോലങ്ങളെ ക്ഷേത്രത്തിലേക്ക് എതിരേല്ക്കും.