കോന്നി : ഭിക്ഷക്കാരന് അഭയം നൽകിയ സിവിൽ പൊലീസ് ഓഫീസർക്ക് ഡി.ജി.പി യുടെ അഭിനന്ദനം. വഴിയരികിൽ കണ്ട വൃദ്ധനായ ഭിക്ഷക്കാരനെ കുളിപ്പിച്ച് ഭക്ഷണം നൽകി വൃദ്ധസദനത്തിൽ എത്തിച്ച കോന്നി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ സുബീക് റഹീമിനെയാണ് ലോക്‌നാഥ് ബെഹ്റ അഭിനന്ദിച്ചത്. സുബീക്കിന് 500 രൂപ കാഷ് അവാർഡും അഭിനന്ദനക്കത്തും നൽകാനും ഡി.ജി.പി നിർദ്ദേശിച്ചു. മാനസിക വിഭ്രാന്തി കാട്ടിയ ഇതര സംസ്ഥാനക്കാരനായ വൃദ്ധനാണ് സുബീക്ക് രക്ഷകനായത്. മുടിവെട്ടി കുളിപ്പിച്ച് പുതിയ വസ്ത്രങ്ങൾ അണിയിച്ച് വൃദ്ധസദനത്തിൽ എത്തിക്കുന്നതിന് സുബീക്ക് റഹീം മുൻപന്തിയിൽ ഉണ്ടായിരുന്നു. സ്റ്റേറ്റ് പൊലീസ് മീഡിയാ സെന്റർ ഈ ദൃശ്യങ്ങൾ ഫെയ്‌സ് ബുക്കിൽ പങ്കുവതോടെ നിരവധിപ്പേർ സുബീക്ക് റഹീമിനെ അഭിനന്ദിച്ചു.