തിരുവല്ല: ചെറുതും വലുതുമായ ആറ് റോഡുകൾ സംഗമിക്കുന്ന കാവുംഭാഗം കവലയിൽ ഗതാഗതക്കുരുക്ക് പതിവായി. തിരുവല്ല - മാവേലിക്കര റോഡിലാണ് നാല് ഇടറോഡുകളും സംഗമിക്കുന്ന തിരക്കേറിയ കാവുംഭാഗം ജംഗ്‌ഷൻ. ഇടിഞ്ഞില്ലം റോഡും മുത്തൂർ റോഡും ശ്രീവല്ലഭ ക്ഷേത്രം റോഡും കല്ലുങ്കൽ റോഡുമെല്ലാം സംഗമിക്കുന്ന കവലയിൽ യാത്രക്കാർക്ക് സൂചന നൽകാനുള്ള സിഗ്നൽ സംവിധാനമോ മുന്നറിയിപ്പ് ബോർഡുകളോ ഇല്ല. തിരക്കേറുന്ന സമയത്ത് വാഹനങ്ങൾ റോഡിൽ നിന്ന് അശ്രദ്ധയോടെ മറ്റ് റോഡുകളിലേക്ക് തിരിയുന്നതിനാൽ അപകടങ്ങളും പതിവാണ്. നിലവാരം ഉയർത്തി ടാറിംഗ് ചെയ്തിട്ടുള്ള തിരുവല്ല - മാവേലിക്കര, കാവുംഭാഗം - മുത്തൂർ റോഡുകളിൽ വളരെ വേഗത്തിലാണ് വാഹനങ്ങൾ കടന്നുപോകുന്നത്. മാവേലിക്കര റോഡിൽ നിന്ന് മുത്തൂർ റോഡിലേക്കും തിരിച്ചും വാഹനങ്ങൾ തിരിഞ്ഞ് കയറുമ്പോൾ ഗതാഗതം തടസ്സപ്പെടുന്നത് പതിവ് കാഴ്ചയാണ്. ഡ്രൈവർമാർ നിയമം ലംഘിച്ച് വണ്ടികളുടെ മുൻവശം ഇരുപാതകളിലേക്കും കയറ്റുന്നതോടെ രണ്ടു റോഡുകളിലെയും ഗതാഗതം തടസപ്പെടും. ഇതിനിടയിൽ മറ്റു റോഡുകളിൽ നിന്നെത്തുന്ന വാഹനങ്ങൾ കൂടിയാകുമ്പോൾ ഗതാഗതം സ്തംഭിക്കുന്ന സ്ഥിതിയാണ്. പ്രവർത്തി ദിവസങ്ങളിൽ പകൽ സമയങ്ങളിലാണ് തിരക്കേറെയും. ഈ സമയങ്ങളിൽ വാഹനങ്ങളെ നിയന്ത്രിക്കാൻ പൊലീസുമില്ല. നിരവധി അപകടങ്ങൾ ഉണ്ടായിട്ടും അധികൃതർ ഇതൊന്നും കണ്ടമട്ടില്ല. കാവുംഭാഗം കവല കേന്ദ്രീകരിച്ച് കെഎസ്ടിപി റോഡിന് ഇരുഭാഗങ്ങളിലും ഇടിഞ്ഞില്ലം റോഡിലും ട്രാഫിക് സിഗ്‌നൽ ലൈറ്റുകൾ സ്ഥാപിക്കുകയും സൂചനാ ബോർഡുകൾ സ്ഥാപിച്ച് ഇവിടെ ഉണ്ടാകുന്ന അപകടങ്ങളും ഗതാഗതക്കുരുക്കും നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമാണ്.
ഇടിഞ്ഞില്ലം റോഡ് അടച്ചതും വിനയായി
നിർമ്മാണം പുരോഗമിക്കുന്ന കാവുംഭാഗം - ഇടിഞ്ഞില്ലം റോഡ് അടച്ചതോടെ പ്രശ്നം രൂക്ഷമായി. മാവേലിക്കര ഭാഗത്തേക്കും ചങ്ങനാശ്ശേരിക്കും പോയിരുന്ന വാഹനങ്ങൾ ഇതുമൂലം കാവുംഭാഗം - മുത്തൂർ റോഡിലൂടെയാണ് പോകുന്നത്. ഇടിഞ്ഞില്ലം റോഡിന്റെ പണികൾ പൂർത്തിയാകാൻ ഒരുവർഷമെങ്കിലും വേണ്ടിവരും. അതുവരെ മുത്തൂർ റോഡാണ് യാത്രക്കാർക്ക് ആശ്വാസം. എന്നാൽ മുത്തൂർ റോഡിലൂടെ എത്തുന്ന വാഹനങ്ങളെ നിയന്ത്രിച്ചു വിടാനും സിഗ്‌നൽ സംവിധാനവും പൊലീസുമില്ല.