തിരുവല്ല: നഗരസഭയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടന്ന സാംസ്കാരിക ഘോഷയാത്ര നാടിനു ഉത്സവമായി. വാദ്യമേളങ്ങളും വിവിധ കലാപ്രകടനങ്ങളും അരങ്ങേറിയ ഘോഷയാത്രയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. നഗരത്തിലെ വിവിധ വ്യാപാര സംഘടനകൾ, കുടുംബശ്രീ, ബോധന, എൻ.എസ്.എസ്, എൻ.സി.സി, അങ്കണവാടി പ്രവർത്തകർ, പുഷ്പഗിരി, മെഡിക്കൽ മിഷൻ ആശുപത്രികളും എം.ജി.എം, സെന്റ് തോമസ് സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളും ആലുക്കാസ് തുടങ്ങിയ സ്ഥാപനങ്ങളും ഘോഷയാത്രയിൽ അണിചേർന്നു. നഗരസഭാ അങ്കണത്തിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര നഗരസഭാ ചെയർമാൻ ചെറിയാൻ പോളച്ചിറയ്ക്കൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് പബ്ലിക് സ്റ്റേഡിയത്തിൽ നടന്ന സാംസ്ക്കാരിക സമ്മേളനം ജില്ലാ കളക്ടർ പി.ബി.നൂഹ് ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ അദ്ധ്യക്ഷത വഹിച്ചു. ശതാബ്ദിയോടനുബന്ധിച്ചു നടന്ന വിവിധ പരിപാടികളിലെ വിജയികൾക്ക് ജില്ലാ കളക്ടർ സമ്മാനദാനം നടത്തി. മുൻസിപ്പൽ കൗൺസിലർമാരായ ആർ.ജയകുമാർ, എം.പി ഗോപാലകൃഷ്ണൻ, രാധാകൃഷ്‌ണൻ വേണാട്, നേതാക്കളായ പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, കെ.ആർ.പ്രതാപചന്ദ്രവർമ്മ, അഡ്വ.കെ.ജി.രതീഷ്‌കുമാർ, വിജയകുമാർ മണിപ്പുഴ, പ്രൊഫ.അലക്‌സാണ്ടർ ശാമുവേൽ, ജിജി വട്ടശ്ശേരിൽ, ഷിബു പുതുക്കേരി, പി.എം.അനീർ, ജോ എണ്ണയ്ക്കാട്, മധു മുരിക്കനാട്ട്, ഡിവൈ.എസ്.പി ജെ.ഉമേഷ്‌കുമാർ, നഗരസഭാ ഉപാദ്ധ്യക്ഷ അനു ജോർജ്ജ് എന്നിവർ പ്രസംഗിച്ചു. കലാമണ്ഡലം മീര അരവിന്ദ് മോഹിനിയാട്ടം അവതരിപ്പിച്ചു.