ഏഴംകുളം: ഉത്സവലഹരിയിൽ നടന്ന ഏഴംകുളം കെട്ടുകാഴ്ച ദൃശ്യവിസ്മയമായി. ഏഴംകുളം ദേവീക്ഷേത്രത്തിലെ കുംഭഭരണി ഉത്സവത്തോടനുബന്ധിച്ചായിരുന്നു കെട്ടുകാഴ്ച. ആയിരങ്ങളാണ് ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയത്. ഇതോടെ ക്ഷേത്രത്തിനു സമീപമുള്ള കാഴ്ച്ചപ്പറമ്പ് ഭക്തിയുടെയും ആവേശത്തിന്റെയും അലകടലായി മാറി . ഇരട്ടക്കാളകളും അംബര ചുംബികളായ എടുപ്പ് കുതിരകളും കെട്ടുകാഴ്ചയിൽ അണിനിരന്നു.വിവിധ കരകളിൽ നിന്ന് ഉച്ചക്കുശേഷം എത്തിച്ച കെട്ടുരുപ്പടികൾ വൈകിട്ടോടെയാണ് ക്ഷേത്രത്തിനു സമീപമുള്ള കാഴ്ച്ചപ്പറമ്പിൽ അണിനിരന്നത് .കരക്കാർ കര പറഞ്ഞു നാളികേരം ഉടച്ചു ദേവിയെ കെട്ടുരുപ്പടിയുടെ സമീപത്തേക്ക് ആനയിച്ചു .ദേവി കെട്ടുരുപ്പടി ദർശിച്ച് കരക്കാരെ അനുഗ്രഹിച്ചു .പിന്നീട് ക്ഷേത്ര മുറ്റത്തെ പന്തലിൽ എഴുന്നെള്ളി ഭക്തർക്ക് ദർശനം നൽകി .ഏഴംകുളംതെക്ക്, ഏഴംകുളം വടക്ക്, അറുകാലിക്കൽ കിഴക്ക്, അറുകാലിക്കൽ പടിഞ്ഞാറ്, നെടുമൺ, പറക്കോട്‌വടക്ക്, പറക്കോട് തെക്ക്, മങ്ങാട്, പറക്കോട് ഇടയിൽ, ചെറുകുന്നം എന്നീ കരകളിൽ നിന്നുളള എടുപ്പ് കുതിരകൾ, കാളകൾ എന്നിവ ഉണ്ടായിരുന്നു. ഇന്ന് രാവിലെ ആറിന് ഊരാണ്മ തൂക്കത്തോടെ ചരിത്ര പ്രസിദ്ധമായ ഏഴംകുളം തൂക്ക വഴിപാട് ആരംഭിക്കും .ഇത്തവണ 28 കന്നി തൂക്കക്കാരടക്കം 590 പേരാണ് തൂക്കവഴിപാടിന് ക്ഷേത്രത്തിൽ പേര് നൽകിയിട്ടുള്ളത്. ഇതിൽ കുട്ടിയെ എടുത്തുകൊണ്ടുള്ള130 തൂക്കവും ഉൾപ്പെടും. ആശാൻമാരായ പുത്തൻവിളയിൽ ശിവൻപിള്ള, കാഞ്ഞിക്കൽ ശിവൻപിള്ള എന്നിവരുടെ നേതൃത്വത്തിലാണ് തൂക്കം നടത്തുന്നത്. വ്യാഴാഴ്ച പുലർച്ചെ വരെ വഴിപാട് നീളും.