plastic
കടകളിൽ നിന്ന് പ്ലാസ്റ്റിക് ആരോഗ്യ വകുപ്പ് അധികൃതർ പിടിച്ചപ്പോൾ

പത്തനാപുരം: ആരോഗ്യ വകുപ്പും പത്തനാപുരം പഞ്ചായത്തും നടത്തിയ പരിശോധനയിൽ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും നിരോധിത പ്ലാസ്റ്റിക് കവറുകളും ഉൽപന്നങ്ങളും പിടികൂടി. കല്ലുംകടവിലെ വ്യാപാര സ്ഥാപനങ്ങളിലാണ് സംയുക്ത പരിശോധന നടത്തിയത്. പിടികൂടിയ പ്ലാസ്റ്റിക് പേപ്പർ പ്ലേറ്റുകളും ഡിസ്പോസിബിൾ ഗ്ലാസുകളും ഉപയോഗ ശൂന്യമാക്കുന്നതിന് ഹരിത സേനയ്ക്ക് കൈമാറുമെന്ന് ഉദ്ധ്യോഗസ്ഥർ പറഞ്ഞു. ഹോട്ടലുകൾ, ബേക്കറികൾ, സ്റ്റേഷനറി കടകൾ, തുണിക്കടകൾ തുടങ്ങിയ ഇടങ്ങളിലായിരുന്നു പരിശോധന. ആദ്യഘട്ടമെന്ന നിലയിൽ വ്യാപാരികൾക്ക് താക്കീത് നൽകി. വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കി പ്ലാസ്റ്റിക് കണ്ടെത്തിയാൽ പിഴയീടാക്കുമെന്ന് അധികൃതർ അറിയിച്ചു ഹെൽത്ത് ഇൻസ്പെക്ടർ സുദർശനർ, ക്യഷ്ണരാജ്, പൗർണമി, ധനരാജ്, മനോജ് തുടങ്ങിയവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.