പുനലൂർ: ഏരൂർ പഞ്ചായത്തിലെ ചെങ്കുളത്ത് നിവാസികൾ കല്ലടയാർ വഴി പുനലൂരിലെത്താൻ ആശ്രയിച്ചിരുന്ന ഏക കടത്തുവഞ്ചി മുടങ്ങിയതോടെ വിദ്യാർത്ഥികൾ അടക്കമുള്ളവർ 2 വർഷമായി തീരാദുരിതത്തിൽ. കടത്ത് നിലച്ചതോടെ ചെങ്കുളത്ത് താമസിച്ചു വരുന്ന 35ൽ അധികം കുടുംബങ്ങളാണ് പുനലൂർ ടൗണിലെത്താൻ ബുദ്ധിമുട്ടനുഭവിക്കുന്നത്. നഗരസഭയുടെ നിയന്ത്രണത്തിൽ ചെങ്കുളത്ത് കൂടി കടന്ന് പോകുന്ന കടത്തു വഞ്ചിയാണ് രണ്ട് വർഷം മുമ്പ് നിലച്ചത്. കല്ലടയാറിന്റെ രണ്ട് കരകളിലേക്കും പോകാൻ കടത്തുവഞ്ചിയായിരുന്നു ഇവരുടെ ആശ്രയം. പുനരുദ്ധാരണം മുടങ്ങിയതിനെ തുടർന്ന് നശിച്ച് പോയ വള്ളത്തിന് പകരം മറ്റൊരു വള്ളം മാസ വാടകയ്ക്ക് എടുത്തായിരുന്നു കടത്തിന് ഉപയോഗിച്ചിരുന്നത്. എന്നാൽ രണ്ട് വർഷം മുമ്പ് സമീപവാസിയായ കടത്തുകാരൻ സുകുമാരൻ വാഹനാപകടത്തിൽപ്പെട്ടതോടെയാണ് കടത്ത് മുടങ്ങിയത്. പകരം കടത്തുകാരനെ നിയമിക്കാൻ അധികൃതർ തയ്യാറാകാത്തതോടെ വനത്തിൽ താമസിക്കുന്ന ചെങ്കുളത്തുകാർ ആകെ ബുദ്ധിമുട്ടിലായി. ചില താമസക്കാർ സമീപ വാസികളുടെ സ്വകാര്യ വളളങ്ങളിൽ കയറിയാണ് നഗരസഭയിലെ മൈലയക്കൽ, കക്കോട് വാർഡുകൾ വഴി പുനലൂർ ടൗണിലെത്തുന്നത്.
30 ഒാളം വിദ്യാർത്ഥികൾ
പുനലൂർ എസ്.എൻ കോളേജ്, ഗവ. ഹയർ സെക്കൻഡറി സ്കൂൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന 30 ഓളം വിദ്യാർത്ഥികളാണ് കടത്ത് നിലച്ചതോടെ ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത്. വിദ്യാർത്ഥികളുടെ പഠനം മുടങ്ങാതിരിക്കാൻ ഭൂരിഭാഗം താമസക്കാരും ആറിന്റെ മറുകരയിലേക്ക് വാടകയ്ക്ക് താമസം മാറ്റേണ്ടി വന്നു.
ചെങ്കുളത്തുകാരുടെ ബുദ്ധിമുട്ടുകൾ പരിഗണിച്ച് കല്ലടയാറ്റിലെ ചെങ്കുളം കടവിൽ ഉടൻ കടത്ത് തുടങ്ങും. നഗരസഭയുടെ ഫണ്ട് ഉപയോഗിച്ച് പുതിയ വള്ളം പണിയാൻ കരാർ നൽകിയിട്ടുണ്ട്. ഇതിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. പണി പൂർത്തിയാകുന്ന മുറയ്ക്ക് കടത്ത് പുനരാരംഭിക്കും
കെ.രാജശേഖരൻ, നഗരസഭാ ചെയർമാൻ
ചെങ്കുളത്ത് താമസിച്ചു വരുന്ന 35ൽ അധികം കുടുംബങ്ങളാണ് പുനലൂർ ടൗണിലെത്താൻ ബുദ്ധിമുട്ടുന്നത്
കർഷകർ വലയുന്നു
കല്ലടയാറിന്റെ രണ്ടു കരകളിലായി സ്ഥിതി ചെയ്യുന്ന ഏരൂർ പഞ്ചായത്തിലെ ചെങ്കുളത്തെയും, പുനലൂർ നഗരസഭയിലെ മൈലയ്ക്കൽ വാർഡിനെയും ബന്ധിപ്പിക്കുന്ന കടത്തു വഞ്ചിയാണ് രണ്ട് വർഷമായി മുടങ്ങിയത്. ഇത് കാരണം കാർഷിക വിളകൾ പുനലൂർ ശ്രീരാമപുരം മാർക്കറ്റിലെത്തിക്കാൻ കഴിയാതെ വലയുകയാണ് ചെങ്കുളത്തെ കർഷകർ. കാല വർഷത്തിൽ ചെങ്കുളം കടവിൽ വെള്ളം ഉയർന്നാൽ കടത്ത് വഞ്ചി ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയാണ്. ഇത് കണക്കിലെടുത്ത് ഇവിടെ പുതിയ പാലം പണിയണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിട്ട് കാൽ നൂറ്റാണ്ടിലേറെയായി. ബന്ധപ്പെട്ട അധികൃതർ ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്.