mundakkal-road
മുണ്ടയ്ക്കൽ പാലം - താന്നി റോഡിലൂടെ വാഹനം കടന്നുപോയപ്പോൾ ഉയരുന്ന പൊടി

 ശ്വാസമെടുക്കാൻ പോലുമാകാതെ പ്രദേശവാസികൾ

കൊല്ലം: വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ മുണ്ടയ്ക്കൽ പാലം - താന്നി റോഡിന്റെ പുനരുദ്ധാരണം ആരംഭിച്ചപ്പോൾ പ്രദേശവാസികൾക്ക് ഇരട്ടി ദുരിതം. നേരത്തെ നിറയെ കുണ്ടും കുഴിക്കുമൊപ്പം പലയിടങ്ങളും റോഡ് പകുതിയോളം ഇടിഞ്ഞുതാണും സഞ്ചരിക്കാനാകാത്ത അവസ്ഥയായിരുന്നു. പുനർനിർമ്മാണത്തിന്റെ ഭാഗമായി മെറ്റലും പാറപ്പൊടിയുമിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടും ടാറിംഗ് ആരംഭിക്കാത്തതിനാൽ പ്രദേശവാസികൾക്ക് ശ്വാസമെടുക്കാൻ പോലുമാകാത്ത വിധം പൊടിപൂരമാണ് ഇവിടെയിപ്പോൾ.

 രോഗവും അപകടവും

പൊടികാരണം റോഡിന്റെ വക്കിലുള്ള വീടുകളുടെ വാതിലും ജനലും തുറക്കാനാകില്ല. അത്യാവശ്യത്തിനൊന്ന് തുറന്ന് പോയാൽ ഭക്ഷണപദാർത്ഥങ്ങളിലടക്കം പൊടിനിറയും. പൊടിശല്യം കാരണം പലരും വീടിന് പുറത്തേക്ക് പോലും ഇറങ്ങുന്നില്ല. പൊടി ശ്വസിച്ച് ഈ മേഖലയിലെ ഭൂരിഭാഗം സ്ത്രീകൾക്കും കുട്ടികൾക്കും പനിയും ശ്വാസംമുട്ടലുമായി. വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ പൂഴിക്കാറ്റ് പോലെയാണ് പൊടിപറക്കുന്നത്. ഇത്തരം വാഹനങ്ങൾക്ക് പിന്നാലെ വരുന്ന ഇരുചക്ര വാഹനയാത്രക്കാരുടെ കണ്ണിൽ പൊടികയറി നിയന്ത്രണം തെറ്റി വീഴുന്നതും പതിവാണ്.
കുടിവെള്ളക്ഷാമം അതിരൂക്ഷമായ ഈ മേഖലയിൽ രണ്ട് ദിവസം കൂടുമ്പോഴാണ് വെള്ളമെത്തുന്നത്. പൊടിശല്യം ഒഴിവാക്കാൻ വെള്ളമെടുത്ത് പ്രദേശവാസികൾ സ്വന്തം നിലയിൽ വീടിന് മുന്നിൽ തളിച്ചിട്ടും രക്ഷയില്ല. കടുത്ത ചൂടായതിനാൽ വേഗം ഉണങ്ങി അര മണിക്കൂറിനുള്ളിൽ വീണ്ടും പൊടി ഉയരുകയാണ്.

 ഒന്നര മാസമെങ്കിലും പൊടി ശ്വസിക്കണം

കുറഞ്ഞത് ഒന്നരമാസമെങ്കിലും പ്രദേശവാസികൾ പൊടി ശ്വസിക്കേണ്ടി വരും. നേരത്തെ ഈ റോഡ് റീ ടാർ ചെയ്യാൻ പദ്ധതിയിട്ടിരുന്നു. ഇതിനിടയിൽ കടലാക്രമണത്തിൽ റോഡ് പലയിടങ്ങളിലും ഇടിഞ്ഞുതാണു. അതോടെ ടാറിംഗ് ഉപേക്ഷിച്ച് മെറ്റലിട്ട് റോഡ് വീതികൂട്ടി ബലപ്പെടുത്താൻ പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കി. ആ പ്രവൃത്തിയാണ് ഇപ്പോൾ നടന്നത്. അതിൽ ടാറിംഗില്ല. ടാറിംഗിനുള്ള എസ്റ്റിമേറ്റ് ഭരണാനുമതിക്കായി ഹാർബർ എൻജിനിയറിംഗ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മയുടെ ഓഫീസിൽ അയച്ചിട്ടുണ്ട്. ദിവസങ്ങൾക്കുള്ളിൽ ഇതിന് അനുമതി ലഭിക്കും. പക്ഷെ ടെണ്ടർ നടപടി പൂർത്തിയാക്കി ടാറിംഗ് ആരംഭിക്കാൻ കുറഞ്ഞത് ഒന്നരമാസമെങ്കിലും എടുക്കുമെന്നാണ് ബന്ധപ്പെട്ട അധികൃതർ പറയുന്നത്.

 '' പൊടിശല്യം കാരണം ശ്വാസമെടുക്കാൻ വയ്യ. വെള്ളം വിലയ്ക്ക് വാങ്ങിയാണ് ഒഴിക്കുന്നത്. എത്രയും വേഗം ടാറിംഗ് നടത്തണം.''

പ്രമീള (റോഷൻവില്ല)

 '' പൊടികാരണം വീടിന്റെ വാതിലും ജനലും തുറക്കുന്നില്ല. ഇതിലും ഭേദം പഴയ റോഡായിരുന്നു.''

ഷീല, ഷീജ നിവാസ്

 '' ശ്വാസമെടുക്കാൻ വയ്യ, ഇവിടങ്ങളിൽ എല്ലാവർക്കും ശ്വാസംമുട്ടലായി. ഇങ്ങനെയൊരു ചതി പ്രതീക്ഷിച്ചില്ല.''

ലില്ലി, കാക്കത്തോപ്പ്

 '' കുണ്ടും കുഴിയുമായി കിടന്നതിനെക്കാൾ ദുരിതമാണിപ്പോൾ. ആർക്കെങ്കിലും അസുഖം വന്ന് ആശുപത്രിയിൽ കൊണ്ടു പോകാൻ വാഹനം വിളിച്ചാൽ ഇവിടേക്ക് വരില്ല.''

സജി, കാക്കത്തോപ്പ്