ഓടനാവട്ടം: ഇലക്ട്രിസിറ്റി ബോർഡിന്റെ അനാസ്ഥമൂലം മാലയിൽ മറവൻകോട് ഐ.എച്ച്.ഡി.പി കോളനിയിലെ വാട്ടർ അതോറിറ്റി പമ്പ്ഹൗസ് പ്രവർത്തനരഹിതമായെന്ന് പരാതി. ചീക്കൂർ മിച്ചഭൂമി, മലപ്പത്തൂർ കോളനി, മറവൻകോട്, മാലയിൽ തുടങ്ങിയ പ്രദേശങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങളാണ് വാട്ടർ അതോറിറ്റി പമ്പ്ഹൗസിന്റെ പ്രവർത്തനം നിലച്ചതോടെ വലയുന്നത്. പമ്പ്ഹൗസിലേക്ക് വൈദ്യുതി എത്തിച്ചുകൊണ്ടിരുന്ന വാളിയോട് ട്രാൻസ്‌ഫോർമർ തകരാറിലായതിനെ തുടർന്ന് പകരം ട്രാൻസ്‌ഫോർമർ സ്ഥാപിച്ചിരുന്നു. എന്നാൽ പുതുതായി സ്ഥാപിച്ച ട്രാൻസ്‌ഫോർമറിൽ നിന്നും വാട്ടർപമ്പ് പ്രവർത്തിപ്പിക്കുന്നതിനാവശ്യമായ വൈദ്യുതി ലഭിക്കാത്തതാണ് പമ്പ് ഹൗസിന്റെ പ്രവർത്തനം നിലക്കാൻ കാരണം.
കൈച്ചുമടായി വെള്ളം കൊണ്ടുവന്നാണ് ഞങ്ങൾ കഴിയുന്നത്. അകലെയുള്ള തോട്ടിൽ സാമൂഹ്യവിരുദ്ധരുടെ ശല്യം മൂലം പോകുവാൻ കഴിയുന്നില്ല. 500 രൂപ വിലകൊടുത്താണ് വെള്ളം വാങ്ങുന്നത്. എത്രയും പെട്ടെന്ന് അധികൃതർ പ്രശ്നം പരിഹരിക്കണം.
രുഗ്മിണി, രമേഷ് ഭവൻ, ചീക്കൂർ മിച്ചഭൂമി, വാളിയോട്. (പ്രദേശവാസി)
കുടിവെള്ളമില്ലാതെ മാസങ്ങളായി ഞങ്ങൾ കഷ്ടപ്പെടുകയാണ്. ചുമട്ടുവെള്ളത്തെയാണാശ്രയിക്കുന്നത്. വിലകൊടുത്ത് വെള്ളം വാങ്ങാൻ സാമ്പത്തികമില്ല. ട്രാൻസ്‌ഫോർമർ മാറ്റി സ്ഥാപിക്കണം.
രമണൻ, പുതുവൽ കൊച്ചുപുത്തൻവീട്, മലപ്പത്തൂർ(പ്രദേശവാസി)
വാട്ടർ ടാങ്കിൽ വെള്ളമെത്തിയിട്ട് മാസങ്ങളായി. ഏകദേശം 1000 വീടുകളാണ് ഇതിൽ നിന്നുള്ള ജലത്തെ ആശ്രയിച്ച് കഴിയുന്നത്. പവർ ഉള്ള ട്രാൻസ്‌ഫോർമർ സ്ഥാപിച്ച് കുടിവെള്ള വിതരണം പുനസ്ഥാപിക്കണം.
ശരത്ചന്ദ്ര ബോസ്, മുല്ലശേരിത്തറ മഠം, വാളിയോട്, (പ്രദേശവാസി)
പ്രദേശവാസികളുടെ ആവശ്യം
കാര്യക്ഷമത കുറഞ്ഞ ട്രാൻസ്‌ഫോർമർ സ്ഥാപിച്ച നടപടിക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങുകയാണ് നാട്ടുകാർ. കൊല്ലം, കുണ്ടറ, കൊട്ടാരക്കര വാട്ടർ അതോറിറ്റികളിലും ബന്ധപ്പെട്ട ഇലക്ട്രിസിറ്റി ഓഫീസുകളിലും പരാതികൾ നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് പ്രദേശവാസികൾ പറയുന്നു. പമ്പ് ഹൗസ് പ്രവർത്തിക്കുന്നതിനാവശ്യമായ പവർ നൽകുന്ന ട്രാൻസ്‌ഫോർമർ സ്ഥാപിച്ച് ജലസേചനം സുഗമമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.