വിതരണം നിലച്ചിട്ട് ഒരു വർഷത്തിലേറെ
ചാത്തന്നൂർ: നെടുമ്പന പഞ്ചായത്തിലെ വെളിച്ചിക്കാല പ്രദേശത്തെ രൂക്ഷമായ കുടിവെള്ള ക്ഷാമം അടിയന്തരമായി പരിഹരിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം ശക്തമാകുന്നു. വെളിച്ചിക്കാല പത്താം വാർഡിൽ സി.എസ്.ഐ പള്ളിക്ക് സമീപം കുടിവെള്ള വിതരണം പൂർണമായി നിലച്ചിട്ട് ഒരു വർഷത്തിലേറെയായി. പ്രശ്നപരിഹാരത്തിനായി വാട്ടർ അതോറിറ്റിയുടെ കൊട്ടിയം സെക്ഷനിൽ പരാതി നൽകി കാത്തിരിക്കുകയാണ് നാട്ടുകാർ.
വെളിച്ചിക്കാല ടി.ബി ജംഗ്ഷൻ റോഡ് സമീപകാലത്ത് പുതുക്കിപ്പണിഞ്ഞിരുന്നു. ബദരിയ കോളേജിന് സമീപം കോൺക്രീറ്റ് ചെയ്‌ത റോഡിൽ ആഴത്തിലുള്ള പൈപ്പ് ലൈനിലുണ്ടായ ചോർച്ചയെ തുടർന്ന് സമീപത്തെ വീട്ടുമുറ്റത്ത് കൂടി ജലം പാഴായി പോകുകയാണ്. ഇതേതുടർന്നാണ് പ്രദേശത്ത് ജലവിതരണം നിലച്ചതെന്ന് പ്രദേശവാസികൾ പറയുന്നു.
വേനൽ രൂക്ഷമാകുന്നതിനാൽ വാട്ടർ അതോറിറ്റിയുടെ ജലവിതരണം മാത്രമാണ് ഏക പോംവഴി. വീടുകളിൽ വാട്ടർ കണക്ഷൻ എടുത്തവർക്കും പൊതുടാപ്പുകളെ ആശ്രയിക്കുന്നവരുടെയും സ്ഥിതി വളരെ ദയനീയമാണ്.
പുതുതായി പണിത വെളിച്ചിക്കാല ടി.ബി ജംഗ്ഷൻ റോഡിലൂടെ പോകുന്ന പൈപ്പ് ലൈനിലെ ചോർച്ച മാറ്റുകയോ അസീസിയ ഹോസ്പിറ്റൽ - ടി.ബി ജംഗ്ഷൻ വഴി പോകുന്ന പൈപ്പ് ലൈനിൽ നിന്ന് ലിങ്ക് കണക്ഷൻ നൽകിയോ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുവാൻ അധികൃതർ തയ്യാറാവണമെന്ന് പ്രദേശവാസികൾ വാട്ടർ അതോറിറ്റിക്ക് നൽകിയ പരാതിയിൽ പറയുന്നു.