കൊല്ലം: ഒറ്റപ്പെടലിന്റെ വേദനകളിൽ നിന്നു മോചനം തേടി ഭൂമിയും വീടും സമർപ്പിച്ച് അമ്മയും മകനും ഗാന്ധിഭവന്റെ സ്നേഹത്തണിലേക്ക്. നെടുമ്പന ഗ്രാമപഞ്ചായത്തിലെ വടക്കേക്കര പുത്തൻവീട്ടിൽ തങ്കപ്പൻപിള്ളയുടെ ഭാര്യയും റിട്ട. അദ്ധ്യാപികയുമായ സി.വിജയമ്മയും (64) മകൻ അനുഗ്രഹുമാണ് (27) തങ്ങളുടെ 87.5 സെന്റ് സ്ഥലവും അതിലെ ഇരുനില വീടും ഗാന്ധിഭവന് സമർപ്പിച്ചത്. ഭർത്താവിന്റെ മരണശേഷം അവശതയുള്ള മകനൊപ്പം കഴിയുകയായിരുന്നു വിജയമ്മ.
നെടുമ്പന ഗ്രാമപഞ്ചായത്ത് കാര്യാലയത്തിൽ ചേർന്ന ചടങ്ങിൽ പ്രസിഡന്റ് എസ്. നാസറുദീൻ വിജയമ്മ നല്‍കിയ ആധാരം ഗാന്ധിഭവൻ അസിസ്റ്റന്റ് സെക്രട്ടറി ജി. ഭുവനചന്ദ്രന്‍ കൈമാറി. ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും മെമ്പറുമായ പ്രസന്ന രാമചന്ദ്രൻ, ഗ്രാമപഞ്ചായത്തംഗം സുൽബത്ത്, മുൻ അംഗം പി.ടി. റോയി, ഗാന്ധിഭവൻ പി.ആർ.ഒ അനിൽകുമാർ, മീഡിയ ചീഫ് അൻവർ.എം.സാദത്ത്, അജയൻ കാലായിൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.