ഓയൂർ: ചെറിയവെളിനല്ലൂർ ആയിരവില്ലി ക്ഷേത്രത്തിന്റെ മൂലസ്ഥാനവും വനദുർഗാദേവീക്ഷേത്രവും കാവുകളും നാഗത്തറകളും സ്ഥിതി ചെയ്യുന്ന ആയിരവില്ലിപ്പാറ ഖനനം ചെയ്യാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ഒായൂരിലെ ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു. ക്ഷേത്രഭരണസമിതി പ്രസിഡന്റ് സജീവൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനപ്രതിനിധികൾ വിവിധ രാഷ്ട്രീയ, സാമുദായിക നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. ഇളമാട് ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. ബാലചന്ദ്രൻ, വെളിനല്ലൂർ ഗ്രാമ പഞ്ചായത്തംഗങ്ങളായ ജയിംസ് എൻ. ചാക്കോ, അബ്ദുൽ ഹക്കീം, മുൻ വെളിനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എം. മജീദ്, ഐ. മുഹമ്മദ് റഷീദ്, അർക്കന്നൂർ വിക്രമൻ, എ.എ. കബീർ, സലാവുദീൻ പെരപ്പയം. നവാസ് പെരപ്പയം, താജുദ്ദീൻ, സുബാഷ്, അൻസാരി, ഷാജിമോൻ, അഷറഫ് അലി മുസ്‌ലിയാർ, ചെറിയ വെളിനല്ലൂർ സെന്റ് സെബാസ്റ്റ്യൻ ചർച്ച് ട്രസ്റ്റി കെ.സി. സെബാസ്റ്റ്യൻ, പുള്ളിപ്പച്ച, തേവൻകോട്, കാരാളികോണം, ചേരൂർ മുസ്ലീം ജമാ അത്ത് കമ്മിറ്റി ഭാരവാഹികൾ, വിവിധ സാമുദായിക സംഘടനാ നേതാക്കൾ എന്നിവർ ജനകീയക്കൂട്ടായ്മയിൽ പങ്കെടുത്തു. ജില്ലാ കളക്ടർ ഉൾപ്പെടെ ബന്ധപ്പെട്ട അധികൃതരെ നേരിൽക്കണ്ട് പരാതി നൽകാനും ഖനനശ്രമത്തിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
യോഗത്തിൽ 501 അംഗ ജനകീയസമരസഹായസമിതിയും 25 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു.