കൊട്ടാരക്കര: കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ വികസനം പൂർത്തിയാകാൻ ഇനിയും കടമ്പകളേറെ. പുതിയ കെട്ടിടത്തിന്റെ നിർമ്മാണം വൈകുന്നതും സി.ടി സ്കാൻ സംവിധാനവും ട്രോമാകെയറും പ്രവർത്തനം ആരംഭിക്കാത്തതുമാണ് പ്രധാന പ്രശ്നം. പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റുന്നതിനുള്ള അനുമതി വൈകുന്നതിനാലാണ് ആശുപത്രിയിൽ കിഫ്ബി ഫണ്ടുപയോഗിച്ചുള്ള കെട്ടിട നിർമ്മാണം വൈകുന്നത്.
ആശുപത്രി വളപ്പിലുള്ള പൊലീസ് എയിഡ് പോസ്റ്റ്, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, മെഡിക്കൽ വാർഡ്, ഫീമെയിൽ വാർഡ്, മോർച്ചറി, പഴയ ലയൺസ് മോർച്ചറി, കംഫർട്ട് സ്റ്റേഷൻ, മെയിൽ വാർഡിന്റെ കുറച്ചു ഭാഗം, ഡീ അഡിക്ഷൻ സെന്റർ എന്നിവയെല്ലാം പൊളിച്ചു മാറ്റാനുള്ളവയാണ്. വലിയ കാലപ്പഴക്കമില്ലാത്ത കെട്ടിടങ്ങൾ പൊളിച്ചു മാറ്റാൻ പൊതുമരാമത്ത് എൻജിനിയറിംഗ് വിഭാഗത്തിന്റെ അനുമതി വേണം. വലിയ തുക ചെലവഴിച്ച് അടുത്ത കാലത്ത് നിർമ്മിച്ചവയും അറ്റകുറ്റപ്പണി നടത്തിയവയും ഇക്കൂട്ടത്തിലുണ്ട്
കെ.എസ്.ഇ.ബി. എൻജിനിയറിംഗ് വിഭാഗത്തിനാണ് നിർമ്മാണ ചുമതല. പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റുന്ന നടപടികൾ പൂർത്തിയായാലുടൻ നിർമ്മാണം തുടങ്ങുമെന്ന് സൂപ്രണ്ട് ഡോ. സുനിൽ കുമാറും പി.ആർ.ഒ. എസ്.ആർ. പ്രമോദും അറിയിച്ചു. ആശുപത്രിയിൽ ഒരു കോടിയോളം രൂപ ചെലവിൽ സി.ടി സ്‌കാൻ മെഷീൻ ഉണ്ടെങ്കിലും ഇതുവരെ പ്രവർത്തനം തുടങ്ങിയിട്ടില്ല. അറ്റോമിക് എനർജി വിഭാഗത്തിന്റെ ലൈസൻസ് കിട്ടാത്തതാണ് കാരണം. ഇതിനുള്ള നടപടികൾ അവസാന ഘട്ടത്തിലാണെന്ന് സൂപ്രണ്ട് പറഞ്ഞു. ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ വൈകിട്ട് നാല് മുതൽ രാത്രി പത്ത് വരെ ഒരു ഡോക്ടറുടെ അധിക സേവനം കൂടി ലഭ്യമാക്കി. ഏറെ നാളായിട്ടുള്ള ആവശ്യമായിരുന്നു ഇത്.
സാമ്പത്തിക ബാദ്ധ്യത കടക്കാൻ സഹായം തേടുന്നു
താലൂക്കാശുപത്രിയിൽ സാമ്പത്തിക ബാദ്ധ്യത മറികടക്കാൻ സഹായങ്ങൾ തേടുന്നു. ധനസഹായം സ്വീകരിക്കാനായി കൊട്ടാരക്കര ഐ.സി.ഐ.സി.ഐ. ബാങ്കിൽ 099001000951 എന്ന നമ്പരിൽ അക്കൗണ്ട് ആരംഭിച്ചതായി സൂപ്രണ്ട് സുനിൽകുമാർ പറഞ്ഞു. ആശുപത്രിയിൽ വിവിധ ഭാഗങ്ങളിൽ ചാരിറ്റി ബോക്‌സുകളും സ്ഥാപിക്കും. മരുന്നുവാങ്ങൽ, വൈദ്യുതി ബിൽ, വെള്ളക്കരം തുടങ്ങിയ ഇനങ്ങളിൽ ലക്ഷങ്ങൾ ബാദ്ധ്യതയുണ്ട്. നിർദ്ധനർക്കും അപകടങ്ങളിൽപെട്ട് എത്തുന്നവർക്കും വസ്ത്രങ്ങൾ ലഭ്യമാക്കാനായി ആശുപത്രിക്കേ മുന്നിൽ പ്രത്യേക കൗണ്ടർ സ്ഥാപിച്ചു. ഇവിടെ സ്ഥാപിച്ചിട്ടുള്ള അലമാരയിൽ ആർക്കും വസ്ത്രങ്ങൾ വാങ്ങി വയ്ക്കാം. ആവശ്യക്കാർക്ക് ആശുപത്രി അധികൃതർ ഇതു നൽകും. എം.എൽ.എയാണ് കൗണ്ടറിലേക്ക് ആദ്യം വസ്ത്രങ്ങൾ നൽകിയത്.
ട്രോമാകെയർ പ്രവർത്തിക്കാൻ ഫാർമസി സ്റ്റോർ വേണം
താലൂക്ക് ആശുപത്രിയിൽ കോടികൾ ചെലവിട്ട് ട്രോമാകെയർ പൂർത്തിയായിട്ട് വർഷങ്ങളാകുന്നു. ഉദ്ഘാടനവും നടന്നതാണ്. എന്നാൽ പ്രവർത്തനം മെച്ചമായില്ല. ഓപ്പറേഷൻ തിയേറ്ററിൽ ഫാർമസി സ്റ്റോറിൽ നിന്നുള്ള മരുന്നുകൾ വാരിയിട്ടിരിക്കുന്നതാണ് കാരണം. പുതിയ സ്റ്റോർ നിർമ്മിച്ച് മരുന്നുകൾ മാറ്റിയാലേ ശസ്ത്രക്രിയാശാല തുറക്കാൻ കഴിയൂ. കൂടാതെ തിയേറ്ററിനുള്ളിൽ ഷാഡോ ലൈറ്റുകളും സ്ഥാപിക്കണം.
കരാറുകാർക്ക് എട്ട് കോടി രൂപ സർക്കാർ കുടിശിക നൽകാനുള്ളതിനാൽ ചൈനയിൽ നിന്ന് ലൈറ്റ് എത്തിക്കാൻ അവർ മടിക്കുകയാണ്. ലക്ഷങ്ങൾ കുടിശിക ഉള്ളതിനാൽ സ്റ്റോർ നിർമ്മാണ കരാറുകാരനും അമാന്തിക്കുന്നു. തടസങ്ങൾ പരിഹരിച്ച് എല്ലാം ശരിയാക്കുമെന്നാണ് അധികൃതർ പറയുന്നത്. കൂടാതെ ഓപ്പറേഷൻ തിയേറ്ററിൽ നിന്നും വാർഡിലേക്ക് റാമ്പ് സ്ഥാപിക്കുകയും വേണം. ലക്ഷ്യ പദ്ധതിയിലുൾപ്പെടുത്തി ഇത് നടപ്പാക്കാനാണ് ശ്രമം.