pukayila
പൂയപ്പളളി പോലീസ് പിടികൂടിയ നിരോധിത പുകയില ഉല്പന്നങ്ങൾ

ഓയൂർ: മീയനയിൽ നിന്ന് നിരോധിത പുകയില ഉല്പന്നങ്ങൾ പിടികൂടി. പുകയില ഉല്പന്നങ്ങൾ സൂക്ഷിച്ചിരുന്ന മീയന അൽ അമീൻ മൻസിലിൽ നാസറിനെ (42) പൊലീസ് പീടികൂടി. ഇയാളുടെ പക്കൽ നിന്നും ആറ് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 5160 കവർ നിരോധിത പുകയില ഉല്പന്നങ്ങളാണ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളെ പിൻതുടർന്ന പൊലീസ് സംഘം വീടിനു മുന്നിൽ നിറുത്തിയിട്ടിരുന്ന കാറിൽനിന്നും ഒരു ചാക്ക് പുകയില ഉൽപ്പന്നങ്ങളും , വീടിന് സമീപത്തെ അടച്ചിട്ട കടമുറിയിൽ നിന്നും അഞ്ച് ചാക്ക് പുകയില ഉല്പന്നങ്ങളും കണ്ടെടുത്തു. പൂയപ്പള്ളി, വെളിയം, നെടുമൺകാവ്, അമ്പലംകുന്ന്, ഇളമാട്, മീയന, ഓയൂർ, റോഡുവിള, അടയറ തുടങ്ങിയ പ്രദേശങ്ങളിൽ കഴിഞ്ഞ കുറേ നാളുകളായി പുകയില ഉല്പന്നങ്ങൾ മൊത്തവിതരണം നടത്തിവരുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പൂയപ്പള്ളി എസ്.എച്ച്.ഒ വിനോദ്ചന്ദ്രൻ, എസ്.ഐ രാജേഷ്‌കുമാർ, എ.എസ്.ഐ ബേബിക്കുട്ടൻ, എസ്.സി.പി.ഒമാരായ ഹരികുമാർ, സന്തോഷ്,ബിജു എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ കസ്​റ്റഡിയിലെടുത്തത്. മുൻപും ഇയാളിൽനിന്നും നിരോധിത പുകയില ഉല്പന്നങ്ങൾ പിടികൂടുകയും കേസെടുക്കുകയും ചെയ്തിട്ടുള്ളതായി പൊലീസ് പറഞ്ഞു.