കരുനാഗപ്പള്ളി: ഭക്തിനിർഭരവും ചരിത്ര പ്രസിദ്ധവുമായ ശ്രീ മൂക്കുംപുഴ മീനൂട്ട് ദർശിച്ച് ആയിരങ്ങൾ സായൂജ്യം നേടി. ഇന്നലെ ഉച്ചയ്ക്ക് 12 മണിക്ക് വെള്ളനാതുരുത്തിലെ വിശാലമായ സമുദ്രതീരത്താണ് മീനൂട്ട് മഹാമഹം സംഘടിപ്പിച്ചത്. ശ്രീ മൂക്കുംപുഴ ദേവീ ക്ഷേത്രത്തിലെ മകരഭരണി മഹോത്സവത്തിന്റെ ഭാഗമായാണ് മീനൂട്ട് നടത്തുന്നത്. കേരളത്തിൽ മീനൂട്ട് നടത്തുന്ന അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണിത്. ഇന്നലെ രാവിലെ മുതൽ ആയിരങ്ങളാണ് മീനൂട്ട് ദർശിക്കാനായി ക്ഷേത്രത്തിലെത്തിയത്. രാവിലെ 10 മണിയോടെ ക്ഷേത്രം മേൽശാന്തി സന്തോഷ് ക്ഷേത്രത്തിലെ ശ്രീ കോവലിൽ നിന്നും ഭണ്ഡാര അടുപ്പിൽ ഭദ്രദീപം തെളിച്ച് ഭാരവഹികൾക്ക് നൽകി. തുടർന്നാണ് മത്സ്യങ്ങൾക്ക് നൽകാനുള്ള മഞ്ഞച്ചോറ് ക്ഷേത്രങ്കണത്തിൽ പാകം ചെയ്തത്. ഉച്ചയ്ക്ക് 11.30ന് താളമേളങ്ങളുടെയും താലപ്പൊലിയുടെയും മുത്തുക്കുടകൾ ഏന്തിയ ഭക്തരുടേയും അകമ്പടിയോടെ നിവേദ്യച്ചോറ് വെള്ളനാതുരുത്തിലെ സമുദ്ര തീരത്ത് പ്രത്യേകം തയ്യാറാക്കിയ പന്തലിൽ എത്തിച്ചു. പന്തലിൽ പൂജദ്രവ്യങ്ങളുടേയും ദീപം തെളിച്ച നിലവിളക്കിന്റെയും മുന്നിൽ ഭക്തർ ദേവതാ സങ്കല്പത്തിൽ ഇരുന്നു. ക്ഷേത്രം തന്ത്രി ബഹ്മശ്രീ സുകുമാരന്റെ നേതൃത്വത്തിൽ വരുണ ദേവനെ പ്രാർത്ഥിച്ച് കൊണ്ടുള്ള മന്ത്രങ്ങൾ മുഴങ്ങി. ഭക്തരും മന്ത്രങ്ങൾ ഉരുവിട്ടു. ദേവീ ചൈതന്യം നിലനിൽക്കുന്ന ഉത്സവകാലത്ത് ജീവന്റെ ഉത്ഭവസ്ഥാനമായ കടലിലെ ജീവജാലങ്ങൾക്ക് തന്ത്രശാസ്ത്ര വിധി പ്രകാരം അന്നം നൽകുന്ന ചടങ്ങാണ് മീനൂട്ട്. ഹൈക്കോടതി മുൻ ജഡ്ജ് ജസ്റ്റിസ് കെ.കെ. ദിനേശൻ, മാതാ അമൃതാനന്ദമയി മഠത്തിലെ ബ്രഹ്മചാരി മധുരാമൃത ചൈതന്യ, ഉത്സവ കമ്മിറ്റി ചെയർമാൻ എം. വത്സലൻ, സെക്രട്ടറി എസ്. ശ്യാംലാൽ, കൺവീനർ എ. സലിംകുമാർ, വെള്ളനാതുരുത്ത് കരയോഗം പ്രസിഡന്റ് ലീലാകൃഷ്ണൻ എന്നിവർ പ്രഭാഷണം നടത്തി. പൂജയുടെ സമാപനത്തിൽ ക്ഷേത്രം തന്ത്രിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടലിൽ മത്സ്യങ്ങൾക്കായി മഞ്ഞച്ചോറ് നിവേദിച്ചു. തുടർന്ന് ഭക്തർ ഇലയിൽ വെച്ച് പൂജിച്ച മഞ്ഞച്ചോറ് കടലിൽ നിക്ഷേപിച്ചു. ഈ സമയം കടലിൽ നങ്കൂരമിട്ടിരുന്ന ബോട്ടുകളിൽ നിന്നും കടലിൽ പുഷ്പവൃഷ്ടി നടത്തി. ആയിരങ്ങളാണ് മീനൂട്ട് ദർശിക്കാനായെത്തിയത്. കടലിൽ കുളിച്ച ശേഷം ക്ഷേത്രത്തിൽ എത്തി അന്നം കഴിച്ച ശേഷമാണ് ഭക്തർ ക്ഷേത്രാങ്കണം വിട്ടിറങ്ങിയത്. ഇന്ന് മൂക്കുംപുഴ രാവിലെ സംഘടിപ്പിക്കുന്ന പൊങ്കാലയ്ക്ക് ശേഷം നടത്തുന്ന പകൽ കാഴ്ചയോടെ ഉത്സവം സമാപിക്കും.