കൊല്ലം: സംസ്ഥാനത്തെ തൊഴിലധിഷ്ഠിത കോഴ്സുകളെല്ലാം എൻ.എസ്.ക്യു.എഫ് (നാഷണൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രെയിംവർക്ക് - ദേശീയ തൊഴിൽ നൈപുണ്യ യോഗ്യത) അധിഷ്ഠിതമാക്കിയതിൽ വൊക്കേഷണൽ ഹയർസെക്കൻഡറി അദ്ധ്യാപകർക്ക് ആശങ്ക വേണ്ടെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ പറഞ്ഞു. വൊക്കേഷണൽ ടീച്ചേഴ്സ് അസോസിയേഷന്റെ 17-ാം സംസ്ഥാന സമ്മേളനം കൊല്ലം പബ്ളിക് ലൈബ്രറി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
നിലവിലുള്ള സ്ഥാനക്കയറ്റം, മറ്റാനുകൂല്യങ്ങൾ എന്നിവയിൽ മാറ്റമുണ്ടാവില്ല. വികസനത്തിനും ഉൽപാദനത്തിനും വൈദഗ്ദ്ധ്യമുള്ളവരെയാണ് ആവശ്യമെന്നതിനാൽ ഭാവിയിൽ വി.എച്ച്.എസ്.ഇക്കായിരിക്കും കൂടുതൽ പരിഗണന ലഭിക്കുകയെന്നതിൽ സംശയമില്ല. മാറ്രങ്ങളുടെ ഭാഗമായി കൂടുതൽ നവീകരണങ്ങൾ ഉണ്ടാകുകയും പുതിയ ആളുകളെ ഈ വിഭാഗത്തിലേക്ക് ഉൾപ്പെടുത്തുകയും ചെയ്യും.
അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ആർ.എസ്. ജയലേഖ അദ്ധ്യക്ഷത വഹിച്ചു. എം.നൗഷാദ് എം.എൽ.എ വിദ്യാഭ്യാസ സെമിനാർ ഉദ്ഘാടനം ചെയ്തു.
ഭാരവാഹികളായി ആർ.എസ്. ജയലേഖ(പ്രസിഡന്റ്), എ.കെ.സന്തോഷ് ബേബി, ബി.ടി. ഷൈജിത്(വൈസ് പ്രസിഡന്റുമാർ), ടി.രാജൻ(ജനറൽ സെക്രട്ടറി), പി.സി. മാത്യു, പി.സുനിൽകുമാർ, എൻ.അനുഷ്, എസ്. അനിൽകുമാർ(സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.