c
കൊട്ടാരക്കരയിൽ ഗതാഗതക്കുരുക്ക്: വ്യാപാരമേഖല കിതയ്ക്കുന്നു

കൊട്ടാരക്കര: കൊട്ടാരക്കര ടൗൺ ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടാൻ തുടങ്ങിയിട്ട് നാളുകളായി. കാൽ നൂറ്റാണ്ടു മുമ്പുള്ള കൊട്ടാരക്കരയിലെ റോഡുകൾ വികസിപ്പിക്കുന്നതിനും സമാന്തര റോഡുകൾ നിർമ്മിക്കുന്നതിനും തദ്ദേശ സ്വയം ഭരണ വകുപ്പും ജനപ്രതിനിധികളും താൽപ്പര്യം കാട്ടുന്നില്ലെന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും പരാതി. കൊട്ടാരക്കരയിലെ ഗതാഗതക്കുരുക്ക് ടൗണിലെ വ്യാപാരികളെയും ടാക്സിക്കാരെയുമാണ് പ്രതികൂലമായി ബാധിക്കുന്നത്. പ്രളയം ഏൽപ്പിച്ച സാമ്പത്തിക മാന്ദ്യവും നോട്ടു നിരോധനവും തുടർന്ന് ഏർപ്പെടുത്തിയ ജി.എസ്.ടിയും ചെറുകിട വ്യാപാരികളെ അക്ഷരാർത്ഥത്തിൽ ബുദ്ധിമുട്ടിലാക്കി. കഴിഞ്ഞ രണ്ടുവർഷമായി കൊട്ടാരക്കരയിലെ വ്യാപാരി സമൂഹം കടുത്ത പ്രതിസന്ധിയിലാണ്. ടൗണിൽ എത്തുന്നവർക്ക് വാഹനങ്ങൾ പാർക്കു ചെയ്യാൻ നഗരസഭാ അധികൃതർ സൗകര്യം ഒരുക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.

ഗതാഗതക്കുരുക്ക് രൂക്ഷം

ജില്ലയിൽ തന്നെ ഏറ്റവും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന പട്ടണമാണ് കൊട്ടാരക്കര. രാവിലെ എട്ടുമണിയോടെ ആരംഭിക്കുന്ന ഗതാഗതക്കുരുക്ക് മിക്കപ്പോഴും രാത്രി എട്ടരവരെ നീളും. പൊലീസ് സംവിധാനം ശക്തമായതിനാൽ കൊല്ലം ചെങ്കോട്ട റോഡിൽ ഗതാഗതകുരുക്ക് കുറവാണ്. എന്നാൽ എം.സി റോഡിൽ കുന്നക്കര മുതൽ ലോവർ കരിക്കം വരെയുള്ള ഭാഗത്ത് ഗതാഗതതടസം രൂക്ഷമാണ്.

500 വ്യാപാര സ്ഥാപനങ്ങൾ കൂട്ടി

കൊട്ടാരക്കര റെയിൽവേസ്റ്റേഷൻ ജംഗ്ഷൻ മുതൽ പുലമൺ കോളജ് ജംഗ്ഷൻ വരെയും കുന്നക്കര മുതൽ ലോവർ കരിക്കം വരെയുമുള്ള ദേശീയ പാതയോരത്ത് പ്രവർത്തിക്കുന്ന വലുതും ചെറുതുമായ മൂവായിരത്തോളം വ്യാപാര സ്ഥാപനങ്ങളിൽ അഞ്ഞൂറോളം സ്ഥാപനങ്ങൾ ഒരുവർഷത്തിനുള്ളിൽ പൂട്ടി. ആയിരത്തോളം കച്ചവടക്കാൻ സാമ്പത്തിക നഷ്ടം മൂലം മറ്റു തൊഴിൽ തേടി പോകേണ്ട അവസ്ഥയിലാണ്.

നോ പാർക്കിംഗ്!

വർഷങ്ങളായി താലൂക്കിലെ ഏറ്റവും വലിയ മാർക്കറ്റായിരുന്നു കൊട്ടാരക്കര ടൗൺ. എന്നാൽ ഇന്ന് അവസ്ഥമാറി. വാഹന പാ‌ർക്കിംഗ് സൗകര്യം ഇല്ലാത്തതാണ് കൊട്ടാരക്കര ടൗണിലെത്തുന്നവരെ ഏറ്റവും കൂടുതൽ വലയ്ക്കുന്നത്. ടൗണിന്റെ ഏതു ഭാഗത്തു നോക്കിയാലും നോ പാർക്കിംഗ് ബോർഡുമാത്രം. ഗതാഗതക്കുരുക്കും പാർക്കിംഗ് പ്രശ്നവുമുള്ളതിനാൽ ടൗണിൽ വന്ന് സാധനം വാങ്ങേണ്ടവർ ചെറിയ മാ‌ർക്കറ്റുകളിലേക്ക് പോകുന്നതാണ് കൊട്ടാരക്കര ടൗണിലെ വ്യാപാരികളെ പ്രതിസന്ധിയിലാക്കുന്നത്.