c
കടവൂർ ജയൻ വധക്കേസ്: ഒൻപത് പ്രതികളും കുറ്റക്കാർ

കൊല്ലം: കടവൂർ ജയൻ വധക്കേസിൽ ഒൻപത് പ്രതികളും കുറ്റക്കാരെന്ന് കൊല്ലം നാലാം അഡിഷണൽ സെഷൻസ് കോടതിയുടെ കണ്ടെത്തൽ. വിധി കേൾക്കാൻ പ്രതികളാരും എത്തിയിരുന്നില്ല. പ്രതികളുടെ ജാമ്യം റദ്ദാക്കിയ ജഡ്‌ജി എസ്. കൃഷ്‌ണകുമാർ അവരെ അറസ്റ്റ് ചെയ്‌ത് ഹാജരാക്കാൻ പൊലീസിന് നിർദ്ദേശം നൽകി. പ്തിരകൾ കുറ്റം ചെയ്‌തെന്ന് സംശയാതീതമായി തെളിഞ്ഞെന്നാണ് കോടതി വിലയിരുത്തൽ. ശിക്ഷ നാലിന് പ്രഖ്യാപിക്കും. അതിന് മുമ്പ് പ്രതികളെ പിടികൂടാൻ പൊലീസ് അന്വേഷണം ശക്തമാക്കി

ആർ.എസ്.എസിൽ നിന്ന് തെറ്റിപ്പിരിഞ്ഞതിന്റെ വിരോധത്തിൽ 2012 ഫെബ്രുവരി 7 നാണ് രാജേഷ് എന്ന കടവൂർ ജയനെ (34) കടവൂർ ക്ഷേത്രത്തിന് സമീപം വച്ച് പ്രതികൾ വെട്ടിയും അടിച്ചും കൊലപ്പെടുത്തിയത്. കുറ്റവാളികളെന്ന് കണ്ടെത്തിയ കടവൂർ സ്വദേശികളും ആർ.എസ്.എസ് പ്രവർത്തകരുമായ വിനോദ് (42), ഗോപകുമാർ (36), സുബ്രഹ്മണ്യൻ (39), പ്രിയരാജ് (39), പ്രണവ് (29), അരുൺ (34), രജനീഷ് (31), ദിനരാജ് (31), ഷിജു (36) എന്നിവർ ഒളിവിലാണ്. ഇവരെ കണ്ടെത്താൻ അഞ്ചാലുംമൂട് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി.

64 വെട്ടുകളാണ് ജയന്റെ ശരീരത്തിലുണ്ടായിരുന്നത്. പ്രോസിക്യൂഷൻ 23 സാക്ഷികളെ കോടതിയിൽ ഹാജരാക്കി. ഇതിൽ ദൃക്‌സാക്ഷികളായ 5 പേർ നൽകിയ മൊഴി നിർണായകമായി. ദൃക്‌സാക്ഷികളിൽ ഒരാൾക്ക് ജയനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വെട്ടേറ്റിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രതാപചന്ദ്രൻപിള്ള, പ്രോസിക്യൂട്ടർ കെ.ബി. മഹേന്ദ്ര എന്നിവർ ഹാജരായി.

 വിധി കേൾക്കാൻ പ്രതികൾ എത്തിയില്ല

കൊലക്കേസിൽ വിധി പറയുന്ന ദിവസം പ്രതികളാരും കോടതിയിൽ ഹാജരായില്ലെന്ന അപൂർവതയ്‌ക്കും കോടതി മുറി സാക്ഷിയായി. പ്രതികളുടെ കൂടി വാദം കേട്ട ശേഷമേ ശിക്ഷ വിധിക്കാൻ കഴിയൂ എന്നതിനാലാണ് അടിയന്തിരമായി പിടികൂടാൻ നിർദ്ദേശം നൽകിയത്.

 ശിക്ഷ വിധിക്കുക മറ്റൊരു ജഡ്ജി

പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയ നാലാം അഡിഷണൽ സെഷൻസ് കോടതി ജഡ്‌ജി എസ്.കൃഷ്‌ണകുമാർ തിരുവനന്തപുരം കോ ഓപ്പറേറ്റീവ് ട്രൈബ്യൂണലിലേക്ക് മാറുകയാണ്. നാലാം അഡീഷണൽ കോടതിയിൽ ഇന്നലെ വരെ മാത്രമായിരുന്നു അദ്ദേഹത്തിന് ചുമതല. പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയതിനാൽ പുതുതായെത്തുന്ന ജഡ്‌ജിക്ക് ശിക്ഷ വിധിക്കുകയെന്ന ചുമതല മാത്രമേ ശേഷിക്കുന്നുള്ളൂ.