aneesh-babu

കൊല്ലം: ആഡംബര വീട്, ബെൻസടക്കം മുന്തിയ പത്ത് കാറുകൾ, ഒൻപത് ലക്ഷത്തിന്റെ ബൈക്ക്, വിദേശ രാജ്യങ്ങളിലേക്ക് വിമാനത്തിൽ പറക്കൽ, ഉല്ലസിക്കാൻ സീരിയൽ നടിമാരുടെ കൂട്ട്... അനീഷ് ബാബുവിന്റെ ജീവിതം സ്വർഗതുല്യമായിരുന്നു. തട്ടിപ്പിലൂടെ കോടികൾ സമ്പാദിച്ചുകൂട്ടി. ദാരിദ്ര്യം നിറഞ്ഞ ചെറിയ വീട്ടിൽ നിന്ന് സമ്പന്നതയിലേക്ക് ഈ ചെറുപ്പക്കാരൻ വളർന്നപ്പോൾ ബന്ധുക്കളടക്കം കൂട്ടുനിന്നു. അങ്ങനെ ആഡംബരത്തിന്റെ സുഖലോലുപതയിൽ മതിമയങ്ങുമ്പോഴായിരുന്നു പിടിവീണത്.

പുത്തൂരിലെ കശുഅണ്ടി ഫാക്ടറിയിലെ ജീവനക്കാരനായിരുന്ന കൊട്ടാരക്കര അമ്പലക്കര വാഴവിള വീട്ടിൽ ബാബു ജോർജിന്റെ ഏക മകനാണ് അനീഷ് ബാബു. ഫാക്ടറിയിൽ നിന്ന് ചെറിയ രീതിയിൽ കശുഅണ്ടി പരിപ്പ് കൊണ്ടുവന്ന് ചില്ലറ വിൽപ്പന നടത്തി ബാബു തുടങ്ങിയതാണ് ബിസിനസ്. അനീഷ് ബാബു എം.ബി.എ ബിരുദ പഠനം കഴിഞ്ഞെത്തിയപ്പോൾ അച്ഛന്റെ കശുഅണ്ടി ബിസിനസ് വിപുലപ്പെടുത്താൻ തീരുമാനിച്ചു. ചെറിയ സമ്പാദ്യവും കടം വാങ്ങിയതും പുത്തൂരിലെ കശുഅണ്ടി മുതലാളിമാരുടെ സഹായവും ചേർത്ത് ഒരു ഫാക്ടറി തുടങ്ങി. മാന്യമായ പെരുമാറ്റവും ബുദ്ധിപൂർവമായ നീക്കങ്ങളും യൗവനത്തിന്റെ പ്രസരിപ്പും അനീഷിനെ വളർച്ചയുടെ പാതയിലെത്തിച്ചു. വലിയ ബന്ധങ്ങൾ ഉണ്ടായി. അതുവഴി തട്ടിപ്പിന്റെ സൂത്രങ്ങൾ മെനഞ്ഞു.

ജീവിത സാഹചര്യങ്ങൾ മാറി

കുടുംബ വീടിനോട് ചേർന്ന് നിർമ്മിച്ച കോൺക്രീറ്റ് വീട്ടിലായിരുന്നു ആദ്യം താമസിച്ചിരുന്നത്. പിന്നീട് ഭൂമി വാങ്ങി വലിയ ആഡംബര വീട് നിർമ്മിച്ചു. 2017ൽ ഇതിന്റെ പാലുകാച്ചൽ ചടങ്ങ് നടത്തിയപ്പോൾ തന്റെ വലിയ ബന്ധങ്ങൾ മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്താനുള്ള ശ്രമം ബോധപൂർവം നടത്തുകയായിരുന്നു. സത്കാരത്തിനെത്തിയ കശുഅണ്ടി മുതലാളിമാർക്ക് അനീഷിനോട് കൂടുതൽ താത്പര്യം തോന്നി. പുത്തൂർ സ്വദേശി റോയി ജോർജിനൊപ്പമാണ് അനീഷ് ബാബു കശുഅണ്ടി മുതലാളിമാരെ ആദ്യമായി സമീപിച്ചത്. ചെപ്രയിലുള്ള ജെയിംസും ഒപ്പം ചേർന്നു. ലയൺസ് ക്ളബ്ബിലെ സൗഹൃദ ബന്ധം ഉപയോഗിച്ചാണ് അഞ്ചൽ റോയൽ കാഷ്യൂസ് ഉടമ കുഞ്ഞുമോന്റെ അടുക്കൽ റോയി ജോർജ് അനീഷ് ബാബുവിനെ എത്തിച്ചത്. ഡൽഹിയിലെ വീട്ടിലായിരുന്നു സന്ദർശനം.

പൊള്ളാച്ചി കേന്ദ്രമാക്കി എക്സ് പോർട്ടിംഗ് കമ്പനി നടത്തിവന്നിരുന്ന കുഞ്ഞുമോന് കശുഅണ്ടി ബിസിനസിൽ അതുവരെ താത്പര്യമുണ്ടായിരുന്നില്ല. അനീഷ് ബാബുവും റോയി ജോർജും ചേർന്ന് ഈ രംഗത്തെ ലാഭത്തിന്റെ വിവരങ്ങൾ വെളിപ്പെടുത്തി. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് വിലക്കുറവിൽ തോട്ടണ്ടി ഇറക്കുമതി ചെയ്യാമെന്ന് വിശ്വസിപ്പിക്കുകയും ചെയ്തു. ആദ്യം മടിച്ചെങ്കിലും കുഞ്ഞുമോൻ ഇവരുടെ വലയിൽ വീണു. തോട്ടണ്ടി ഇറക്കാനായി അഡ്വാൻസ് തുക കൈമാറി. പകരം 78 ലക്ഷം രൂപയുടെ ചെക്ക് ഗ്യാരന്റിയായി നൽകി. 18 കോടി രൂപയുടെ ഇടപാടാണ് ഉറപ്പിച്ചത്. പിന്നീട് അക്കൗണ്ട് വഴി 15 കോടി രൂപ വാങ്ങി. എന്നാൽ തോട്ടണ്ടി ലഭിക്കാത്തിതിനെ തുടർന്ന് കുഞ്ഞുമോൻ അഞ്ചൽ പൊലീസിൽ പരാതി നൽകി.

ആദിച്ചനല്ലൂർ സ്വദേശി ഫെർണാണ്ടസിന്റെയടുത്തും റോയി ജോർജിനെയും ചെപ്ര ഇമ്മാനുവേൽ കാഷ്യൂസ് ഉടമ ജയിംസിനെയും കൂട്ടിയാണ് അനീഷ് ബാബു എത്തിയത്. നേരത്തേതന്നെ നേരിട്ട് തോട്ടണ്ടി ഇറക്കുമതി ചെയ്യുന്ന ബിസിനസ് നടത്തിവന്നതാണ് ഫെർണാണ്ടസ്. മാർക്കറ്റ് വിലയിൽ നിന്ന് താഴ്ത്തിയുള്ള വിലയ്ക്ക് തോട്ടണ്ടി ഇറക്കുമതി ചെയ്തുകൊടുക്കാമെന്ന് അനീഷ് ബാബു വിശ്വസിപ്പിച്ചു. ടാർസാനിയായിൽ നിന്ന് 300, 200, 100 ടൺ എന്നീ കണക്കിൽ മൂന്ന് തവണയായി തോട്ടണ്ടി ഇറക്കിക്കൊടുത്തു. പണം കൃത്യമായി കൊടുക്കുകയും ചെയ്തു. ഇതോടെ അനീഷും ഫെർണാണ്ടസും തമ്മിൽ നല്ല ബന്ധമായി. 2017 ഏപ്രിലിൽ ഗിനിബസാവോയിൽ നിന്ന് തോട്ടണ്ടി ഇറക്കാമെന്ന വാഗ്ദാനവുമായി അനീഷ് വീണ്ടുമെത്തി. മേയിൽ 50 ശതമാനം തുക അഡ്വാൻസായി നൽകി. എന്നാൽ, തോട്ടണ്ടി കിട്ടാതായതോടെ ഡിസംബറിൽ അനീഷിനെതിരെ റൂറൽ എസ്.പിയ്ക്ക് പരാതി നൽകി.

എല്ലാം കൃത്രിമം

ദുബായിൽ തുടങ്ങിയ കമ്പനി ബോബി.ടി.വർഗീസിന്റെ പേരിലാണെന്ന് തട്ടിപ്പിനിരയായവർ മനസിലാക്കി. അനീഷ് ബാബുവിന്റെ ബന്ധുവിന്റേതാണിത്. ഈ കമ്പനിയുടെ അക്കൗണ്ടിലേക്കാണ് മിക്കവരും തുക അയച്ചുകൊടുത്തത്. കമ്പനി അക്കൗണ്ടിൽ തുക എത്തിയാലുടൻ ഇത് തോട്ടണ്ടി ബിസിനസ് നടത്തുന്ന കമ്പനികൾക്ക് കൈമാറുന്നതിന് പകരം അനീഷ് നാട്ടിലെ തന്റെ കമ്പനിയുടെ അക്കൗണ്ടിലേക്കും അമ്മയുടെ പേഴ്സണൽ അക്കൗണ്ടിലേക്കും സഹൃത്തുകളുടെ അക്കൗണ്ടിലേക്കും മാറ്റി. ഇത് കശുഅണ്ടി മുതലാളിമാർ കണ്ടെത്തിയപ്പോഴാണ് പ്രശ്നം സങ്കീർണമായത്. ഡോളർ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുമ്പോൾ ലഭിക്കുന്ന സ്വിഫ്ട് (സൊസൈറ്റി ഫോർ വേൾഡ് വൈസ് ഇന്നർ ബാങ്കിംഗ് ഫിനാൻഷ്യൽ ടെലികമ്മ്യൂണിക്കേഷൻ) എന്ന രേഖ കാട്ടിയാണ് പ്രധാനമായും അനീഷ് ബാബു കശുഅണ്ടി മുതലാളിമാരെ വിശ്വസിപ്പിച്ചിരുന്നത്. എന്നാൽ, ഇതും മറ്റ് രേഖകളുമൊക്കെ അനീഷ് ബാബു ഭാര്യയുടെ ലാപ്ടോപ്പിൽ ചെയ്തെടുത്തതാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ. ലാപ്ടോപ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു.

ഓർഡറെടുക്കും, തോട്ടണ്ടി കിട്ടില്ല

അനീഷ് ബാബു ഒരേ സമയം പലരിൽ നിന്ന് തോട്ടണ്ടി ഇറക്കി നൽകാമെന്ന തരത്തിൽ ഓർഡറെടുക്കും. ടാർസാനിയ, ഗിനിബസാവോ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് തോട്ടണ്ടി ഇറക്കാനുള്ള അഞ്ച് ശതമാനം അഡ്വാൻസ് നൽകി തോട്ടണ്ടി എടുക്കുകയും ചെയ്യുന്നുണ്ട്. ഇവിടെ നിന്ന് നൂറുപേർക്കുള്ള ഓർഡറെടുത്താൽ ഒന്നോ രണ്ടോ പേർക്ക് നൽകാനുള്ളത് മാത്രമേ ലോഡ് വരാറുള്ളൂ. ഈ ലോഡ് വരുന്നതിന്റെ രേഖകൾ കാട്ടി എല്ലാവരെയും വിശ്വസിപ്പിക്കുകയും ചെയ്തു. അനീഷ് ബാബുവിനെ മാത്രമാണ് കേസിൽ അറസ്റ്റ് ചെയ്തത്. അച്ഛൻ ബാബുജോർജ്, അമ്മ അനിതാ ബാബു, സഹായി റോയി ജോർജ്, സ്റ്റാഫുകളായ അനു സെബാസ്റ്റ്യൻ, അഖിൽ തോമസ് എന്നിവരെക്കൂടി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവർ ഒളിവിലാണ്. അനീഷിന്റെയും ബന്ധുക്കളുടെയും ബാക്ക് അക്കൗണ്ട് വിവരങ്ങൾ അന്വേഷണ സംഘം ശേഖരിച്ചുവരികയാണ്. വിദേശ ബാങ്കുകളിലെ അക്കൗണ്ടുകളും പരിശോധിക്കുന്നുണ്ട്.