bjp-flag

 പ്രതികൾക്ക് സി.പി.എം ബന്ധമെന്ന് ബി.ജെ.പി

കൊല്ലം: പൗരത്വ ഭേദഗതി നിയമത്തിന് പിന്തുണയുമായി ബി.ജെ.പിയും പരിവാർ സംഘടനകളും വെള്ളിയാഴ്ച ചന്ദനത്തോപ്പിൽ സംഘടിപ്പിച്ച ജനജാഗ്രതാ യാത്രയ്ക്ക് നേരെ ആക്രണം നടത്തിയ സംഭവത്തിൽ നാല് എസ്.ഡി.പി.ഐ പ്രവർത്തകർ അറസ്റ്റിൽ. ചാത്തിനാംകുളം അഞ്ചുമുക്ക് കഴുതൂർമേലതിൽ സുധീർ (18), കരിക്കോട് എം.ഇ.എസ് സ്കൂളിന് സമീപം ചപ്പേത്തടം പുത്തൻവിള വീട്ടിൽ മുഹമ്മദ് റാസി (19), കൊറ്റങ്കര മേക്കോൺ വിളയിൽ പുത്തൻവീട്ടിൽ നൗഫൽ (28), ചാത്തിനാംകുളം പത്തായക്കല്ല് തറയിൽ തെക്കതിൽ ഷാൻ (30) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

ബി.ജെ.പി കുണ്ടറ നിയോജക മണ്ഡലം കമ്മിറ്റി ചന്ദനത്തോപ്പിൽ നിന്ന് കേരളപുരത്തേക്ക് സംഘടിപ്പിച്ച യാത്രയ്ക്ക് നേരെ വെള്ളിയാഴ്ച വൈകിട്ട് 5.45ന് ചന്ദനത്തോപ്പിൽ വച്ചാണ് ആക്രമണം ഉണ്ടായത്. അക്രമികൾക്ക് നേരെ പൊലീസ് ലാത്തി വീശിയിരുന്നു. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് സ്ഥലത്ത് ഇപ്പോഴും വൻ പൊലീസ് സംഘം ക്യാമ്പ് ചെയ്യുകയാണ്.

വനിതകളും പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടെ ഏഴ് പേർക്ക് കല്ലേറിലും അക്രമത്തിലും പരിക്കേറ്റിരുന്നു. അറസ്റ്റിലായ എസ്.ഡി.പി.ഐ പ്രവർത്തകർക്ക് സി.പി.എം ബന്ധമുണ്ടെന്നും സി.പി.എം - ഡി.വൈ.എഫ്.ഐ നേതാക്കൾ സഹായം ചെയ്യുന്നുവെന്നും ബി.ജെ.പി ആർ.എസ്.എസ് നേതൃത്വങ്ങൾ ആരോപിക്കുന്നു. കണ്ടാലറിയാവുന്ന 50 പേരെയാണ് കേസിൽ പ്രതി ചേർത്തിരിക്കുന്നത്. മറ്റുള്ളവർക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.

 ചന്ദനത്തോപ്പ് സംഘർഷം നിർഭാഗ്യകരം: മന്ത്റി ജെ. മേഴ്സിക്കുട്ടിഅമ്മ

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ചന്ദനത്തോപ്പിൽ നടന്ന സംഘർഷം അങ്ങേയ​റ്റം നിർഭാഗ്യകരമാണെന്ന് മന്ത്റി ജെ. മേഴ്സിക്കുട്ടിഅമ്മ പറഞ്ഞു. ഏതൊരാൾക്കും പ്രതിഷേധിക്കാനും യോഗം നടത്താനും രാജ്യത്ത് സ്വാതന്ത്റ്യമുണ്ട്. അതിനെയെല്ലാം സഹിഷ്ണുതയോടെ കാണുക എന്നതാണ് ഇന്നത്തെ വെല്ലുവിളി നേരിടാൻ അനിവാര്യമായത്. ഏതൊരു ചെറിയ സംഘർഷത്തെയും സ്ഥാപിത താത്പര്യക്കാർ മുതലെടുക്കുകയും അത് നമ്മുടെ ലക്ഷ്യത്തെ തടസപ്പെടുത്തുകയും ചെയ്യും. വർഗീയ ശക്തികളുടെ തന്ത്റങ്ങളിൽ ആരും വീണുപോകരുത്. ഇത്തരം സംഘർഷങ്ങൾക്കെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മന്ത്റി അഭ്യർത്ഥിച്ചു.