fire-1
അഞ്ചാലുംമൂട് ജംഗ്‌ഷന്‌ സമീപം മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചത് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അണയ്ക്കുന്നു

അഞ്ചാലുംമൂട്: അഞ്ചാലുംമൂട് ജംഗ്‌ഷന്‌ സമീപം കഴിഞ്ഞ ദിവസം രാത്രി മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു. തീ പടരുന്നത് കണ്ട നാട്ടുകാർ അഗ്നിശമന സേനയെ കൃത്യസമയത്ത് വിവരം അറിയിച്ചതിനാൽ വൻദുരന്തം ഒഴിവായി.

കഴിഞ്ഞ ദിവസം രാതി പതിനൊന്നോടെ അഞ്ചാലുംമൂട് ജംഗ്‌ഷന് സമീപം പഴയ ഷമീർ തീയേറ്റർ പരിസരത്തെ മാലിന്യത്തിനാണ് തീപിടിച്ചത്. തൊട്ടടുത്തുള്ള ആൾ താമസമില്ലാതെ പൊളിഞ്ഞുകിടന്ന വീടിന്റെ വാതിലുകളും ജനലുകളും തീപിടിത്തത്തിൽ നശിച്ചു. രാത്രിയായതിനാൽ വ്യാപാരികൾ കടകൾ അടച്ചിരുന്നു. തൊട്ടടുത്ത് വ്യാപാരസമുച്ചയങ്ങളും വീടുകളും സ്ഥിതി ചെയ്യുന്ന ഭാഗത്തേക്ക് തീ പടർന്ന് തുടങ്ങിയെങ്കിലും ചാമക്കടയിൽ നിന്നെത്തിയ അഗ്നിശമന സേനാംഗങ്ങൾ തീ കെടുത്തിയതിനാൽ വൻ ദുരന്തം ഒഴിവായി.

മാലിന്യം ആരെങ്കിലും കത്തിച്ചതാകാനാണ് സാധ്യതയെന്ന് അഗ്നിശമന സേന ഉദ്യോഗസ്ഥർ അറിയിച്ചു.ചാമക്കട അഗ്നിരക്ഷാ നിലയത്തിലെ ഗ്രേഡ് എ.എസ്.ഒ വിക്ടർ വി. ദേവ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ രതീഷ്, സാനിഷ്, ശ്രീപാൽ, തൃതീപ് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.