കൊല്ലം: എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂണിയൻ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തിയ നടപടി സ്റ്റേ ചെയ്തുകൊണ്ടുള്ള കൊല്ലം സബ് കോടതി ഉത്തരവ് നടപ്പാക്കുന്നത് ഒരാഴ്ചത്തേയ്ക്ക് സ്റ്റേ ചെയ്തു. കൊല്ലം പ്രിൻസിപ്പൽ സബ് കോടതി ജഡ്ജി ഡോണി വർഗ്ഗീസ് തോമസിന്റേതാണ് ഉത്തരവ്. എസ്.എൻ.ഡി.പി യോഗം, യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, അഡ്മിനിസ്‌ട്രേ​റ്ററായി നിയമിക്കപ്പെട്ട സിനിൽ മുണ്ടപ്പള്ളി എന്നിവർ നൽകിയ ഹർജിയിലാണ് സ്​റ്റേ.
യൂണിയൻ കമ്മി​റ്റി പിരിച്ചുവിട്ടത് ചോദ്യം ചെയ്ത് പ്രസിഡന്റായിരുന്ന സുഭാഷ് വാസുവും സെക്രട്ടറിയായിരുന്ന ബി. സുരേഷ് ബാബുവും നൽകിയ ഹർജിയിൽ ഇരുവർക്കും തത്കാലം തുടരാമെന്നും നയപരമായ തീരുമാനങ്ങൾ പാടില്ലെന്നും കഴിഞ്ഞ ദിവസം കൊല്ലം സബ് കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഈ ഉത്തരവിന്മേൽ അപ്പീൽ നൽകേണ്ടതിനാൽ വിധി നടപ്പാക്കുന്നത് സ്​റ്റേ ചെയ്യണമെന്നായിരുന്നു എസ്.എൻ.ഡി.പി യോഗത്തിന്റെ വാദം.

ഇടക്കാല വിധിയെ തുടർന്ന് സുഭാഷ് വാസുവും മ​റ്റും യൂണിയൻ ഓഫീസിൽ ബലം പ്രയോഗിച്ച് കടക്കാൻ ശ്രമിച്ചത് ക്രമസമാധാന പ്രശ്നത്തിന് വഴിയൊരുക്കിയെന്നും യോഗം വാദിച്ചു. ഇത് അംഗീകരിച്ചാണ് വിധി നടപ്പാക്കുന്നത് ഒരാഴ്ചത്തേക്ക് സ്​റ്റേ ചെയ്തത്. ഹർജിക്കാർക്ക് വേണ്ടി അഭിഭാഷകരായ ജോർജ് മാത്യൂസ്, എ. നിസാർ, എം. ബീന എന്നിവർ ഹാജരായി.