ശാസ്താംകോട്ട: കുന്നത്തൂർ താലൂക്കിലെ കാർഷിക മേഖലയുടെ നട്ടെല്ലായ ശൂരനാടിന്റെ വിവിധ മേഖലകളിൽ വരൾച്ച രൂക്ഷമാകുന്നു. ശൂരനാട് വടക്ക് പഞ്ചായത്തിലെ പല സ്ഥലങ്ങളിലും കാർഷിക വിളകൾ കരിഞ്ഞുണങ്ങുന്നത് കർഷകരെ ആശങ്കയിലാക്കുകയാണ്. ശൂരനാട് നടുവില മുറി, കണ്ണമം മേഖലകളിലെ കർഷകരുടെ നൂറുകണക്കിന് വാഴകളാണ് കരിഞ്ഞുണങ്ങിയത്. പോരുവഴിയിൽ നിന്ന് ശൂരനാട് വടക്ക് പഞ്ചായത്തിലൂടെ തൊടിയൂർ വരെ കെ.ഐ.പി കനാലുണ്ടെങ്കിലും അത് തുറന്നു വിടാനുള്ള നടപടി ഇതുവരെ അധികൃതർ കൈക്കൊണ്ടിട്ടില്ല. ശാസ്താംകോട്ട, പടിഞ്ഞാറേ കല്ലട, മൈനാഗപ്പള്ളി പഞ്ചായത്തുകളുടെ വിവിധ മേഖലകളിൽ കനാൽ തുറന്നു വിട്ടതോടെ വിവിധ പാടശേഖരങ്ങളിലും പ്രദേശത്തുള്ള കിണറുകളിലും ജലമെത്തിത്തുടങ്ങി.
കനാൽ ശുചീകരണം
ശൂരനാട് വടക്ക് പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ കനാൽ ശുചീകരണം പോലും ഇതുവരെ ആരംഭിച്ചിട്ടില്ല. തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി കനാൽ ശുചീകരണം നടത്തണമെന്ന് കെ.ഐ.പി അധികൃതരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും പഞ്ചായത്തുകൾ സ്വീകരിക്കുന്ന മെല്ലപ്പോക്ക് നയമാണ് കനാൽ തുറന്നു വിടുന്നത് വൈകാനിടയാക്കുന്നത്.
നാട്ടുകാരുടെ ആവശ്യം
വേനൽ ശക്തമായതോടെ കെ.ഐ.പി കനാൽ തുറന്നു വിടണമെന്നുള്ള ആവശ്യം ശക്തമായി. എന്നാൽ അധികൃതർ ഇക്കാര്യത്തിൽ ഒരു നടപടിയും കൈക്കൊള്ളുന്നില്ലെന്ന ആരോപണം ശക്തമാണ്. ഇതിന് മുമ്പുള്ള വേനൽ കാലങ്ങളിലും ഈ മേഖലയിലൂടെയുള്ള കനാലിലൂടെ രണ്ട് ദിവസം മാത്രമാണ് ജലമെത്തിയത്. പോരുവഴിയിൽ നിന്ന് രണ്ടായി തിരിയുന്ന കനാലിലൂടെയും ശൂരനാട് മേഖലയിലൂടെയുള്ള കനാലിലൂടെയും ജലം തുറന്നു വിടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.