prathy
പ്രതി സേതുരാജ്

ഓയൂർ: മരുതമൺപള്ളി ജംഗ്ഷനിൽ അയൽവാസികൾ തമ്മിലുള്ള അതിർത്തി തർക്കത്തെ തുടർന്ന് നടുറോഡിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയും ബന്ധുവുമായ പ്രതി പിടിയിലായി. മരുതമൺപള്ളി അമ്പാടിയിൽ ജലജനെയാണ് (ഉണ്ണി-38) ഇന്നലെ രാവിലെ 10 മണിയോടെ നടുറോഡിലിട്ട് വെട്ടിക്കൊല്ലാൻ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ അയൽവാസി മരുതമൺപള്ളി പൊയ്കവിളവീട്ടിൽ സേതുരാജിനെ (54) സംഭവസ്ഥലത്തുനിന്നും പൂയപ്പള്ളി പൊലീസ് പിടികൂടി. കൈയ്ക്കും കാലിനും 28 ഓളം വെട്ടുകളേ​റ്റ ജലജനെ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ മരുതമൺപള്ളി ജംഗ്ഷനിലെ കടയിലിരുന്ന് പത്രം വായിക്കുകയായിരുന്ന ജലജനെ സേതുരാജ് വെട്ടുകത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. ആദ്യ വെട്ടിൽ ഒരു വിരൽ അ​റ്റുവീണു. തുടർന്ന് ഇരുവരും പിടിവലി ഉണ്ടാവുകയും കുതറിമാറി ഓടിയ ജലജൻ ജംഗ്ഷനിൽ വന്ന് മറിഞ്ഞുവീഴുകയുമായിരുന്നു. പിൻതുടർന്ന് എത്തിയ സേതുരാജ് ഇയാളുടെ കൈയിലും കാലിലും തുരുതുരാ വെട്ടുകയായിരുന്നു. നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചതിനെതുടർന്ന് പൂയപ്പള്ളി എസ്.ഐ രാജേഷിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം വെട്ടുകത്തിയുമായി ജംഗ്ഷനിൽ നിന്ന സേതുരാജനെ പിടികൂടുകയായിരുന്നു. വധശ്രമത്തിന് കേസെടുത്ത പ്രതിയെ കൊട്ടാരക്കര കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.