അഞ്ചാലുംമൂട്: അഷ്ടമുടിക്കായലിൽ മത്സ്യസമ്പത്ത് കുറയുന്നതായി മത്സ്യത്തൊഴിലാളികൾ. ദിവസം മുഴുവൻ പണിയെടുത്താലും അന്നം കണ്ടെത്താൻ നെട്ടോട്ടം ഓടേണ്ട അവസ്ഥയാണിന്ന്.
കുറച്ചുകാലം മുമ്പ് വരെ കായലിൽ കരിമീൻ, ഓവി - നാരൻ കൊഞ്ച്, ഞണ്ട് എന്നിവയുടെ പ്രജനനം കൂടുതലായിരുന്നു. എന്നാൽ ഇപ്പോൾ അവയുടെ എണ്ണം വളരെയധികം കുറഞ്ഞു. കായലിലേക്ക് ഇറങ്ങിക്കിടക്കുന്ന മരങ്ങളുടെയും ചെടികളുടെയും ഇലകൾക്ക് അടിയിലാണ് കരിമീൻ മുട്ടയിടുന്നതും തടം നിൽക്കുന്നതും. എന്നാൽ കായലിലേക്ക് കിടക്കുന്ന മരങ്ങളുടെയും ചെടികളുടെയും നാശം കായലിലെ ആവാസ വ്യവസ്ഥ തകിടം മറിച്ചതായി തൊഴിലാളികൾ പറയുന്നു.
അതേസമയം കായലിൽ ഉപ്പുരസം കൂടിവരുന്നതിനാൽ കടൽ ജീവികളായ ചിപ്പി, ശംഖ് എന്നിവ കായലിൽ വർദ്ധിക്കുകയാണ്. ഇവയുടെ സാന്നിധ്യം കൊഞ്ച്, ചെമ്മീൻ പോലുള്ളവയ്ക്ക് ഭീഷണിയാണ്. കായലിൽ കൂടുതലായി ഉണ്ടായിരുന്ന കല്ലുമ്മേക്കായും (മുരിങ്ങ കക്ക) പൂർണ്ണമായും ഇല്ലാതാകുന്ന അവസ്ഥയാണ് നിലവിൽ.
പണിയില്ലാതെ ചീനവലകൾ
പ്രതിദിനം ആയിരം മുതൽ മൂവായിരം രൂപ വരെ ലഭിച്ചിരുന്ന തൊഴിലാളികൾക്ക് ഇപ്പോൾ ലഭിക്കുന്നത് ഇരുന്നൂറ് മുതൽ അഞ്ഞൂറ് രൂപ വരെ മാത്രമാണ്. കൊഞ്ച്, ചൂട തുടങ്ങിയവയെ ലക്ഷ്യം വച്ച് മത്സ്യബന്ധനം നടത്തിയിരുന്ന ചീനവലകളിൽ ഭൂരിഭാഗവും പണി അവസാനിപ്പിച്ച മട്ടാണ്. രാത്രി മുഴുവൻ പണിയെടുത്താൽ ചീനവലകളിൽ ഒന്നും കിട്ടാത്ത ദിവസങ്ങളുമുണ്ട്. കുരീപ്പുഴ, മാമൂട്ടിൽ കടവ്, സാമ്പ്രാണിക്കോടി, പ്രാക്കുളം, മണലിക്കട തുടങ്ങിയ ഭാഗങ്ങളിലെ നൂറോളം ചീനവലകളിൽ വിരലിൽ എണ്ണാവുന്നവ മാത്രമാണ് പ്രവർത്തിക്കുന്നത്.
മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതിൽ ഗുണമില്ല
ഫിഷറീസ് വകുപ്പ് ഇടയ്ക്കിടെ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നുണ്ടെങ്കിലും അവയ്ക്ക് കായലിൽ വളരാനുള്ള സ്ഥിതി വിശേഷമല്ല നിലവിലുള്ളത്. കുഞ്ഞുങ്ങളെ നിക്ഷേപിച്ച് ദിവസങ്ങൾക്കുള്ളിൽ അവ ചത്തുപൊങ്ങുന്നതായാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. സാന്ദ്രത കൂടിയ കായൽ വെള്ളത്തിൽ അവയ്ക്ക് വളരാൻ തക്ക സാഹചര്യം ഇല്ലെന്നാണ് തൊഴിലാളികളുടെ പക്ഷം.
തലവേദനയായി മാലിന്യം
കായലിലേക്കുള്ള മാലിന്യനിക്ഷേപം തടയുന്നതിനും കായലിൽ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെ നീക്കിയാലും മാത്രമേ ഇപ്പോഴത്തെ അവസ്ഥയ്ക്ക് മാറ്റം ഉണ്ടാകുകയുള്ളൂ. കൂടാതെ തീരപ്രദേശങ്ങളിൽ കൂടുതൽ കുറ്റിച്ചെടികളും കണ്ടൽ ചെടികളും വച്ചുപിടിപ്പിച്ചു അഷ്ടമുടിയുടെ ആവാസവ്യവസ്ഥ സംരക്ഷിക്കാനുള്ള നടപടികളും സ്വീകരിക്കണം.