കൊല്ലം: വിദ്യാഭ്യാസ മേഖലയിൽ ഇപ്പോഴും ചാതുർവർണ്യം നിലനിൽക്കുന്നുവെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കൊട്ടിയം പോളിടെക്നിക്കിൽ അലുമ് നി അസോസിയേഷൻ നിർമ്മിച്ചു നൽകിയ ഗുരുദക്ഷിണ എന്ന ഓപ്പൺ എയർ ഓഡിറ്റോറിയത്തിന്റെ സമർപ്പണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കൊട്ടിയം പോളിടെക്നിക് തുടങ്ങുമ്പോൾ മൂന്ന് കോഴ്സുകളാണ് ഉണ്ടായിരുന്നത്. വർഷങ്ങൾ പിന്നിട്ടിട്ടും നാല് കോഴ്സുകളേയുള്ളു. താൻ മാനേജരായി എത്തിയപ്പോൾ രണ്ട് പുതിയ കോഴ്സുകൾക്ക് അപേക്ഷ നൽകി. പക്ഷെ, ഒരെണ്ണമാണ് അനുവദിച്ചത്. എന്നാൽ, അപേക്ഷിച്ച മറ്രൊരു മനേജ്മെന്റിന് രണ്ട് കോഴ്സുകൾ അനുവദിച്ചു. പ്ലസ് ടു അനുവദിച്ചപ്പോഴും ഇതാണ് സംഭവിച്ചത്. നീതികേട് ചൂണ്ടിക്കാട്ടിയപ്പോൾ ക്ലറിക്കൽ മിസ്റ്റേക്കെന്നാണ് പറഞ്ഞത്. ആ തെറ്റ് ഇതുവരെ തിരുത്തിയിട്ടില്ല.
കോളേജുകൾ അനുവദിക്കുമ്പോഴും സമാനമായ അവസ്ഥയാണ്. ഉത്തരവിൽ കോളേജ് എന്നുമാത്രമേ കാണുകയുള്ളൂ. പ്രിൻസിപ്പൽ, അദ്ധ്യാപകർ തുടങ്ങിയ തസ്തികകൾ ഉണ്ടാകില്ല. മറ്റ് സമുദായങ്ങൾക്ക് അനുവദിക്കുമ്പോൾ കോളേജ്, പ്രിൻസിപ്പൽ, അദ്ധ്യാപക തസ്തികകൾ ഒരുമിച്ചാണ് അനുവദിക്കുന്നത്. ഒരേ സർക്കാർ ഉത്തരവിൽ തന്നെ ഇങ്ങനെയുള്ള പക്ഷഭേദം പലതവണ സംഭവിച്ചിട്ടുണ്ട്. സെക്രട്ടറിയേറ്റിൽ ചാതുർവർണ്യം മനസിൽ സൂക്ഷിക്കുന്ന ഉദ്യോഗസ്ഥർ ഇപ്പോഴുമുണ്ട്. മുഖ്യമന്ത്രി 140 തസ്തിക അനുവദിക്കുമ്പോൾ ഉദ്യോഗസ്ഥർ മുന്നിലെ ഒന്ന് വെട്ടി ബാക്കി നാല്പതേ തരുകയുള്ളു. ദൈവം കനിഞ്ഞാലും ശാന്തി കനിഞ്ഞില്ലെങ്കിൽ എന്തുചെയ്യും.
രാഷ്ട്രീയ രംഗത്തും ചാതുർവർണ്യം നിലനിൽക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടുമ്പോൾ ജാതി പറയുന്നുവെന്ന് പറഞ്ഞ് കുറ്റക്കാരനാക്കുകയാണ്. ജാതി വിവേചനം ഉണ്ടാകുമ്പോഴാണ് ജാതി ചിന്ത ഉണ്ടാക്കുന്നത്. ഇതൊഴിവാക്കാൻ ജനസംഖ്യാനുപാതികമായി ആനുകൂല്യങ്ങൾ വിതരണം ചെയ്യണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ജാതിയുടെയും മതത്തിന്റെയും പേരിൽ ഭിന്നിപ്പുണ്ടാക്കി കലാപം സൃഷ്ടിക്കാൻ വീണ്ടും ആസൂത്രിതമായ നീക്കം നടക്കുകയാണെന്ന് പുതിയ ലൈബ്രറി സമുച്ചയത്തിന്റെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ പറഞ്ഞു.
കോളേജ് പ്രിൻസിപ്പൽ വി. അജിത് അദ്ധ്യക്ഷത വഹിച്ചു. ആർകിടെക്ട് വി.ആർ. ബാബുരാജ്, കോൺട്രാക്ടർമാരായ എസ്. അനിൽകുമാർ, എസ്. വിജയൻ. പൂർവ്വ അദ്ധ്യാപകർ, ജീവനക്കാർ എന്നിവരെ ആദരിച്ചു. ജി.എസ്. ജയലാൽ എം.എൽ.എ,പഞ്ചായത്ത് പ്രസിഡന്റ് എം. സുബാഷ്, കൊല്ലം എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ, പോളിടെക് നിക് വിവിധ വിഭാഗം തലവൻമാരായ വി. സന്ദീപ്, എസ്.എസ്. സീമ, കെ.ജെ. സുധീർ, സ്റ്റാഫ് സെക്രട്ടറി എസ്. ദീപ, ഓഫീസ് സൂപ്രണ്ട് ഡി. പ്രസാദ്, അലൂമ് നി ചാപ്റ്റർ യു.എ.ഇ പ്രസിഡന്റ് എം. ജോയ്സി, ബാംഗ്ളൂർ ചാപ്റ്റർ പ്രസിഡന്റ് ഗോപാലകൃഷ്ണൻ, കേരളത്തിലെ വിവിധ സ്ഥലങ്ങളിലെ അലൂമ് നി ചാപ്റ്റർ പ്രസിഡന്റുമാരായ വി. ജ്യോതി, സുനിൽകുമാർ, സുരേഷ് ദാമോദരൻ, സ്റ്റുഡന്റ്സ് യൂണിയൻ ചെയർമാൻ എസ്. ആദർശ് തുടങ്ങിയവർ സംസാരിച്ചു. അലൂമ് നി അസോസിയേഷൻ സെക്രട്ടറി വി.എം. വിനോദ് കുമാർ സ്വാഗതവും, മുൻ പ്രിൻസിപ്പൽ ബി. ജീവൻ നന്ദിയും പറഞ്ഞു.