സർക്കാർ ഒരു കോടി രൂപ അനുവദിച്ചു
ആറ് മാസത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കും
കൊല്ലം: കൊല്ലം ബീച്ചിനരികെ മൂല്യവർദ്ധിത മത്സ്യവിഭവങ്ങളുടെ ഉല്പാദനവും വിപണനവും നടത്തുന്ന ഫിഷ് കോംപ്ലക്സ് വരുന്നു. ബീച്ചിലെത്തുന്ന സ്വദേശീയരും വിദേശീയരുമായ സഞ്ചാരികളെ ലക്ഷ്യമിട്ടാണ് സർക്കാർ ഏജൻസിയായ തീരദേശ വികസന കോർപ്പറേഷൻ ഫിഷ് കോംപ്ലക്സ് ആരംഭിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ ഒരു കോടി രൂപ നേരത്തെ തന്നെ സർക്കാർ അനുവദിച്ചിട്ടുണ്ട്. ആറ് മാസത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
ബീച്ചിന് എതിർവശത്ത് ജലകേളീ കേന്ദ്രത്തിനും നഗരസഭയുടെ ജിംനേഷ്യത്തിനും ഇടയിലുള്ള സ്ഥലത്താണ് കോംപ്ലക്സ് നിർമ്മിക്കുക. ഈ ഭാഗത്ത് നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലം തീരദേശ വികസന കോർപ്പറേഷന് വിട്ടുനൽകാൻ തീരുമാനമായി. പകരം ബീച്ചിൽ മറൈൻ അക്വോറിയത്തിനോട് ചേർന്ന് ഫിഷറീസ് വകുപ്പിന്റെ സ്ഥലം നഗരസഭയ്ക്ക് കൈമാറും. ഇവിടെ മാലിന്യം വലിച്ചെറിയരുതെന്ന സന്ദേശം നൽകുന്ന മാലിന്യ മ്യൂസിയം നിർമ്മിക്കാനാണ് നഗരസഭയുടെ ആലോചന.
ശക്തികുളങ്ങര ഹാർബറിനോട് ചേർന്ന് ഫിഷ് കോംപ്ലക്സ് ആരംഭിക്കാനായിരുന്നു ആദ്യ ആലോചന. വിപണന സാദ്ധ്യത കണക്കിലെടുത്താണ് ബീച്ചിന് സമീപത്തേക്ക് മാറ്റിയത്.
മത്സ്യത്തൊഴിലാളികൾക്ക് സ്ഥിര വരുമാനം
സമീപത്തെ ഹാർബറിൽ നിന്ന് നേരിട്ട് ശേഖരിക്കുന്ന ശുദ്ധമായ മത്സ്യം ഉപയോഗിച്ചുള്ള വിഭവങ്ങളും മൂല്യവർദ്ധിത ഉല്പന്നങ്ങളുമാണ് ഫിഷ് കോംപ്ളക്സിൽ ഒരുക്കുക. കച്ചവടം എന്നതിനപ്പുറം മത്സ്യത്തൊഴിലാളികൾക്ക് സ്ഥിരമായ വരുമാനം ലഭ്യമാക്കുക എന്ന ലക്ഷ്യവുമുണ്ട്. മത്സ്യത്തൊഴിലാളികളെയാകും കേന്ദ്രത്തിന്റെ നടത്തിപ്പുകാരായി നിയോഗിക്കുക.
'' കൊല്ലം നഗരസഭ ഭൂമി വിട്ടുനൽകാൻ തീരുമാനിച്ച സാഹചര്യത്തിൽ നടപടികൾ പൂർത്തിയാക്കി എത്രയും വേഗം കേന്ദ്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങും. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനുള്ള തുക സർക്കാർ നേരത്തെ തന്നെ അനുവദിച്ചിട്ടുണ്ട്.''
ഷേക്ക് പരീത്, ചെയർമാൻ, തീരദേശ വികസന കോർപ്പറേഷൻ