പുനലൂർ: സ്ത്രീകൾക്ക് നേരെ വർദ്ധിച്ചു വരുന്ന അതിക്രമങ്ങൾക്കെതിരെ പൊതുബോധം ഉണർത്തുന്നതിനും നിലവിലെ പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെയും ഭാഗമായി പൊതു ഇടം എന്റേത് എന്ന മുദ്രാവാക്യമുയർത്തി പുനലൂർ നഗരസഭാ പ്രദേശങ്ങളിലെ പൊതുനിരത്തിൽ വനിതകൾ രാത്രികാല സഞ്ചാരം നടത്തി. നിർഭയ ദിനത്തിന്റെ ഭാഗമായി വനിതാ ശിശുവികസന വകുപ്പാണ് പരിപാടി സംഘടിപ്പിച്ചത്.
ശനിയാഴ്ച രാത്രി 10ന് ചെമ്മന്തൂർ സ്വകാര്യ ബസ് സ്റ്റാൻഡ് മൈതാനം, കലയനാട്, തൊളിക്കോട് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നാണ് വനിതകളുടെ രാത്രികാല നടത്തം സംഘടിപ്പിച്ചത്. തുടർന്ന് പല സംഘങ്ങളായി വേർതിരിഞ്ഞു നടന്ന ഇവർ രാത്രി 11ന് പുനലൂർ തൂക്കുപാലത്തിന് സമീപം സംഗമിച്ച ശേഷം ദീപംതെളിച്ചു. വീട്ടമ്മമാർ, വിദ്യാർത്ഥിനികൾ, വനിതാ ജനപ്രതിനിധികൾ അടക്കമുള്ളവർ പരിപാടിയിൽ പങ്കെടുത്തു. നഗരസഭാ ചെയർമാൻ കെ. രാജശേഖരൻ, ഉപാദ്ധ്യക്ഷ സുശീലാ രാധാകൃഷ്ണൻ, സ്ഥിരംസമിതി അദ്ധ്യക്ഷൻമാരായ സുഭാഷ് ജി. നാഥ്, അംജത്ത് ബിനു, വി. ഓമനക്കുട്ടൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.