vinod-

കൊല്ലം:അടിപിടി കേസിൽ കൊല്ലപ്പെട്ടുവെന്ന് തമിഴ്നാട് പൊലീസ് തീർപ്പാക്കിയ മോഷ്ടാവിനെ കേരള പൊലീസ് അറസ്റ്റ് ചെയ്തു. കേരളത്തിലെയും തമിഴ്നാട്ടിലെയും സി.ബി.എസ്.ഇ സ്കൂളുകൾ ഇന്റർനെറ്റിൽ കണ്ടെത്തി അഡ്മിഷൻ നടക്കുന്ന ദിവസങ്ങളിൽ കവർച്ച നടത്തുന്ന തമിഴ്നാട്, തക്കല കടലൂർ സ്വദേശി വിനോദാണ് (28) കൊല്ലം വെസ്റ്റ് പൊലീസിന്റെ പിടിയിലായത്. ഈ ദിവസങ്ങളിൽ വൻതുക വിദ്യാലയങ്ങളിൽ ഉണ്ടാകുമെന്ന് അറിഞ്ഞാണ് മോഷണത്തിനെത്തുന്നത്.

രണ്ട് ദിവസം മുമ്പ് കടലൂരിലെ വിനോദിന്റെ വീട്ടിലെത്തിയ കൊല്ലം വെസ്റ്റ് പൊലീസ് സംഘം രണ്ടു തവണ പിടികൂടാൻ ശ്രമിച്ചെങ്കിലും രക്ഷപ്പെട്ടു. സ്ഥലത്ത് തങ്ങിയ പൊലീസ് സംഘം കഴിഞ്ഞ ദിവസം തൊട്ടടുത്ത ഒളിവ് കേന്ദ്രത്തിൽ നിന്നാണ് പിടികൂടിയത്.

കഴിഞ്ഞ ഡിസംബർ ആറിന് കൊല്ലം നഗരത്തിലെ ഇൻഫന്റ് ജീസസിൽ നിന്നും 60000 രൂപ കവർന്നതിന് പുറമേ 72 ക്യാമറകളടങ്ങിയ സി.സി ടി.വി സംവിധാനവും തകർത്തിരുന്നു. അന്നുതന്നെ സെന്റ് അലോഷ്യസ് സ്കൂളിലെ മേശയിൽ സൂക്ഷിച്ചിരുന്ന ജീവനക്കാരിയുടെ മൂന്ന് പവൻ സ്വർണവും 50000 രൂപയും കവർന്നു. സമീപത്തെ സി.സി ടിവിയിൽ നിന്നും മോഷ്ടാവെത്തിയത് സ്കോർപിയോ കാറിലാണെന്ന് തിരിച്ചറിഞ്ഞിരുന്നു. കാർ കടന്നുപോയ വഴികളിലെ എല്ലാ സി.സി ടി.വികളും പരിശോധിച്ച് പൊലീസ് കുറ്റാലം വരെയെത്തി. ഇടയ്ക്ക് ലഭിച്ച ദൃശ്യങ്ങളിൽ നിന്ന് മോഷ്ടാവ് വിനോദാണെന്ന് പൊലീസ് തിരിച്ചറിയുകയും ചെയ്തിരുന്നു.

കൊല്ലം ജില്ലയിൽ മറ്റു രണ്ടു സ്കൂളുകളിലും തമിഴ്നാട്ടിൽ 23 സ്കൂളുകളിലും കവർച്ച നടത്തിയിട്ടുണ്ട്. കൊല്ലം ജില്ലയിലെ ട്രിനിറ്റി ലൈസിയം സ്കൂളിൽ നിന്നും കഴിഞ്ഞ ഫെബ്രുവരിയിൽ 50000 രൂപയും പുനലൂർ വാളയോട് എച്ച്.എസ്.എസ്സിൽ നിന്നും ഒന്നരലക്ഷം രൂപയുമാണ് മോഷ്ടിച്ചത്. തിരുനെൽവേലിയിലെ സ്കൂളിൽ നിന്നു 30 ലക്ഷം രൂപയാണ് കവർന്നത്. മോഷണത്തിന് ഉപയോഗിച്ചിരുന്ന സ്കോർപിയോ, മാരുതി 800 കാറുകൾ പിടിച്ചെടുത്തു. സഹായിക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമാക്കി.

വെസ്റ്റ് സി.ഐ ജി. രമേശ്, എസ്.ഐ ഷൈൻ.എസ്, ഗ്രേഡ് എസ്.ഐ സന്തോഷ്, അബു താഹിർ, അനീഷ്, ഷെമീർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

മരിച്ചെന്ന് പത്രവാർത്ത കേസുകൾ ക്ളോസ് ചെയ്തു

വിനോദിന് തമിഴ്നാട്ടിലെ ഒരു കടയിലായിരുന്നു ജോലി. എല്ലാദിവസവും സമീപത്തെ അനധികൃത ബാറിൽ സുഹൃത്തിനൊപ്പമെത്തി മദ്യപിക്കുമായിരുന്നു. ബാറിൽ ഇവർ പതിവായി ഇരിക്കുന്നിടത്ത് അടിപിടിയിൽ രണ്ടുപേർ മരിച്ചു. രണ്ട് പേരുടെയും മുഖം വികൃതമായിരുന്നു. വിനോദും സുഹൃത്തുമാണ് മരിച്ചതെന്ന് എല്ലാവരും ധരിച്ചു. സംഘർഷത്തിൽ യുവാക്കൾ മരിച്ച നിലയിൽ വിനോദിന്റെ ചിത്രം സഹിതം തമിഴ്നാട്ടിലെ പത്രങ്ങളിൽ വാർത്ത വന്നു. ഇതോടെ വിനോദിന്റെ പേരിലുള്ള മോഷണ കേസുകളിലെ അന്വേഷണം പൊലീസ് അവസാനിപ്പിച്ചു. കൊല്ലം വെസ്റ്റ് പൊലീസ് അന്വേഷിച്ച് ചെന്നപ്പോഴാണ് വിനോദ് ജീവിച്ചിരിപ്പുണ്ടെന്ന വിവരം തമിഴ്നാട് പൊലീസ് അറിഞ്ഞത്. താൻ മരിച്ചതായുള്ള പത്ര വാർത്തകൾ വിനോദിന്റെ ഫോണിൽ നിന്നും പൊലീസ് കണ്ടെടുത്തു.