pulamon-junction
ഗതാഗതക്കുരുക്ക് ഒഴിഞ്ഞ കൊട്ടാരക്കര പുലമൺ ജംഗ്ഷൻ

കൊട്ടാരക്കര: കൊട്ടാരക്കര നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഫലപ്രദമായ നടപടികൾ സ്വീകരിച്ചതായി റൂറൽ എസ്.പി ഹരിശങ്കർ അറിയിച്ചു.

നഗരസഭയുടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും വിദഗ്ദ്ധരുടെയും ഡ്രൈവർമാരുടെയും വ്യാപാരികളുടെയും അഭിപ്രായങ്ങൾ തേടിയിട്ടാണ് ശാസ്ത്രീയമായ പരിഷ്കാരങ്ങൾ കൈക്കൊണ്ടത്. വ്യാപാരികൾക്ക് അവരവരുടെ സ്ഥാപനങ്ങൾക്ക് മുന്നിൽ വാഹനങ്ങൾ പാർക്ക് ചെയ്യണമെന്ന ആവശ്യം നടപ്പാക്കാൻ കഴിയില്ല. ഇവർ പാർക്കിംഗ് ഏരിയകൾ ഉപയോഗിക്കണം. ടൗണിന്റെ പലയിടങ്ങളിലും പാർക്കിംഗ് ഏരിയ തിരിച്ചുനൽകിയിട്ടുണ്ട്. എന്നാൽ ഇതിന്റെ അറിയിപ്പ് ബോർഡുകൾ ഫലപ്രദമായിട്ടില്ല.

പുതുതായി ടൗണിൽ എത്തുന്നവർക്ക് പാർക്കിംഗ് ഏരിയ കണ്ടെത്താൻ ബുദ്ധിമുട്ടുള്ളതിനാൽ കൂടുതൽ ബോർഡുകൾ സ്ഥാപിക്കും. റോഡിലെ അനാവശ്യ പാർക്കിംഗ് ഒഴിവാക്കി. പുലമൺ ജംഗ്ഷനിൽ എല്ലാ ഭാഗത്തേക്കും 20 മീറ്റർ ദൂരം നോ പാർക്കിംഗ് ഏർപ്പെടുത്തി. റോഡുകളിൽ പാർക്കിംഗ് നടത്താവുന്ന സ്ഥലങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. വൺവേ സമ്പ്രദായം ഫലപ്രദമായി നടപ്പാക്കി. സ്കൂളുകൾക്ക് മുന്നിൽ ഗതാഗത നിയന്ത്രണത്തിന് പൊലീസ് ഉദ്യോഗസ്ഥരെ വിനിയോഗിച്ചു. സ്കൂൾ സമയത്ത് ടിപ്പർ ലോറികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. പട്ടണത്തിൽ അഞ്ഞൂറിൽ താഴെ അംഗീകൃത കച്ചവട സ്ഥാപനങ്ങളാണ് ഉള്ളത്. അനധികൃതമായുള്ള വഴിയോര കച്ചവടക്കാരെ നിയന്ത്രിക്കുന്നതോടെ അംഗീകൃത കച്ചവടക്കാരുടെ വ്യാപാര പ്രശ്നങ്ങൾക്ക് പരിഹാരമാകും. ഫുട്പാത്തിലും സ്ളാബുകൾക്ക് മുകളിലുമുള്ള വാഹന പാർക്കിംഗ് ഒഴിവാക്കിയിട്ടുണ്ട്. പുലമൺ കവലയിൽ മേൽപ്പാലം വരുന്നതോടെ ഗതാഗത പ്രശ്നങ്ങൾക്ക് വലിയ തോതിൽ പരിഹാരമാകും.

ഫലപ്രദമായി പുതിയ പരിഷ്കാരങ്ങൾ

നഗരത്തിലെ ഗതാഗത പരിഷ്കാരം ഫലം കണ്ടുതുടങ്ങി, മണിക്കൂറുകൾ നീണ്ടിരുന്ന ഗതാഗത കുരുക്കിനാണ് ശമനമായത്. തിങ്കൾ, ശനി ദിനങ്ങളിൽ വൈകുന്നേരങ്ങളിൽ മാത്രമാണ് സിഗ്നൽ സംവിധാനമുള്ളിടത്ത് പ്രശ്നങ്ങൾ ഉണ്ടാകുന്നത്. വൺവേ സമ്പ്രദായങ്ങളും പാർക്കിംഗ്, നോ പാർക്കിംഗ് ഏരിയകളും, ഫ്രീ ലെഫ്ട് സംവിധാനവും ഫലപ്രദമാക്കാൻ പൊലീസ് കാര്യക്ഷമമായി ഇടപെട്ടതോടെയാണ് ഗതാഗതക്കുരുക്കഴിഞ്ഞത്.

വനിതാ പൊലീസ് ഉൾപ്പടെ ഗതാഗത നിയന്ത്രണത്തിനുണ്ട്. 24 മണിക്കൂറും സജ്ജമായ കൺട്രോൾ റൂം വാഹനവും ടൗണിലുണ്ട്. ഗണപതി ക്ഷേത്ര പരിസരത്തെ പെട്ടിക്കടകൾ ഒഴിപ്പിച്ച് പാർക്കിംഗ്, നോ പാർക്കിംഗ് ഏരിയകൾ തിരിച്ചതും അനുഗ്രഹമായി. പട്ടണത്തിലെ ഓടകളുടെ നവീകരണ ജോലികൾ തുടങ്ങിയിട്ടുണ്ട്. ദേശീയപാത വികസനം കൂടി യാഥാർത്ഥ്യമായാൽ പട്ടണത്തിന്റെ വികസന സ്വപ്നങ്ങൾ നിറവേറുമെന്നാണ് പ്രതീക്ഷ.

സമാന്തര ഓട്ടോകൾക്ക് നിയന്ത്രണം

കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് എതിർവശത്തെ ഓട്ടോ പാർക്കിംഗ് നിരോധിച്ചു. ഇനി പട്ടണത്തിലെ ഓട്ടോകൾക്ക് ക്യു.ആർ കോഡ് ഏർപ്പെടുത്തും. മഞ്ഞ നിറത്തിലുള്ള പ്രതലമൊരുക്കി ഇതിൽ നിശ്ചയിച്ചുനൽകുന്ന നമ്പർ പതിക്കും. ഈ നമ്പരുള്ള ഓട്ടോകൾക്ക് മാത്രമേ ടൗണിൽ നിന്ന് ഓട്ടം പോകാൻ കഴിയുകയുള്ളൂ. ചന്തമുക്കിൽ കറങ്ങി ഓട്ടം പിടിക്കുന്ന ഓട്ടോകൾക്കും നിയന്ത്രണം ഏർപ്പെടുത്തും. അടുത്ത ആഴ്ചയിൽ ഓട്ടോ തൊഴിലാളികളുടെ യോഗം വിളിച്ചുകൂട്ടാനാണ് പൊലീസിന്റെ തീരുമാനം.