കൊല്ലം: പന്ത്രണ്ടര മിനിട്ടുകൊണ്ട് 121 റോബോട്ടുകളെ നിർമ്മിച്ച് പള്ളിമൺ സിദ്ധാർത്ഥ സെൻട്രൽ സ്കൂളിലെ വിദ്യാർത്ഥികൾ ചരിത്രം കുറിച്ചു. ഏഷ്യയിലെ റെക്കോഡായി ഇതു മാറി.
രണ്ടാം ക്ലാസുമുതൽ പതിനൊന്നാം ക്ലാസുവരെയുള്ള 121 വിദ്യാർത്ഥികളാണ് ഒന്നര മാസത്തെ തീവ്രപരിശ്രമത്തിലൂടെ ഈ അംഗീകാരം നേടിയത്.
നവംബറിൽ ഇവിടെ നിർമ്മിച്ച ജീനിയസ് റോബോട്ട് "ടെസ്സ" ഇന്ത്യയിലെ ആദ്യത്തെ സ്കൂൾ സംരംഭം എന്ന നിലയിൽ വാർത്താപ്രാധാന്യം നേടിയിരുന്നു. അതൊരു ആവേശമായതോടെയാണ് സ്കുളിലെ അഞ്ഞൂറോളം റോബോട്ടിക്ക് വിദ്യാർത്ഥികളിൽ നിന്ന് തിരഞ്ഞെടുത്ത 121 കുട്ടികളുമായി റെക്കോഡ് സൃഷ്ടിക്കാൻ തീരുമാനിച്ചത്. അവധി ദിവസങ്ങളിലും നീണ്ട പരിശീലനത്തിൽ 15 മിനിട്ട് എന്ന പരിധിയിലെത്തി. എന്നാൽ രണ്ടാം ക്ലാസുകാരനായ ഗൗതം യാദവ് 5.2 മിനിറ്റ് മാത്രം എടുത്താണ് ഈ മിനി റോബോട്ട് നിർമ്മിച്ചത്.
പള്ളിമൺ സിദ്ധാർത്ഥ സെൻട്രൽ സ്കൂളിൽ വർണ്ണാഭമായി അലങ്കരിച്ച പന്തലിൽ മാദ്ധ്യമപ്രവർത്തകരും രക്ഷിതാക്കളും ഉൾപ്പെട്ട വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിലാണ് 'അവാർഡ് പ്രദർശനം നടന്നത്.
ചടങ്ങിൽ യു.ആർ.എഫ് ഏഷ്യ ഇന്റർനാഷണൽ ജൂറി അംഗം ഡോ.ഗിന്നസ് സുനിൽ ജോർജ്ജ്, ഉൾപ്പടെ എട്ട് വേൾഡ് റെക്കോഡ് ജേതാക്കൾ പങ്കെടുത്തു.
പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സർട്ടിഫിക്കറ്റുകളും മെഡലും സമ്മാനിച്ചു.
വൈകിട്ട് നടന്ന പൊതുസമ്മേളനം മന്ത്രി ജെ.മേഴ്സി കുട്ടി അമ്മ ഉദ്ഘാടനം ചെയ്തു.ആർ.ജെ. ജോസ്, അന്നംകുട്ടി ജോസ്, എസ്. നാസറുദീൻ, പ്രസന്നാ , മസൂദ് ലാല, പി. ടി. എ പ്രസിഡന്റ് ബി.സജീവ്, എന്നിവർ സംസാരിച്ചു.സെക്രട്ടറി യു.സുരേഷ് സ്വാഗതവും പ്രിൻസിപ്പൽ ശ്രീരേഖാ പ്രസാദ് നന്ദിയും പറഞ്ഞു.