കൊല്ലം: കെറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 166 ആയി ഉയർന്നു. ആറു പേർ പാരിപ്പള്ളി മെഡിക്കൽ കോളേജിലും 160 പേർ അവരവരുടെ വീടുകളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്.
ഇന്നലെ ആരെയും പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചില്ല. ശനിയാഴ്ച വരെ ജില്ലയിൽ 156 പേരാണ് നിരീക്ഷണത്തിലുണ്ടായിരുന്നത്. ഇതിൽ 9 പേരാണ് ആശുപത്രിയിൽ കഴിഞ്ഞിരുന്നത്. ഇവരിൽ മൂന്ന് പേർ ഇന്നലെ വീടുകളിലേക്ക് മടങ്ങി.
നിരീക്ഷണത്തിലുള്ളവർക്ക് രോഗലക്ഷണങ്ങൾ ഉള്ളതായി കണ്ടെത്തിയിട്ടില്ല. രക്തസാമ്പിളുകളുടെ പ്രാഥമിക രക്തപരിശോധനയിൽ പ്രശ്നങ്ങളില്ലെങ്കിലും വിശദ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നവരിൽ അധികവും ചൈനയിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാർത്ഥികളും അവരുമായി അടുത്ത് ഇടപഴകിയവരുമാണ്.
പാരിപ്പള്ളി മെഡിക്കൽ കോളേജിന് പുറമെ ജില്ലാ ആശുപത്രിയിലും പ്രത്യേക ഐസൊലേഷൻ വാർഡുകൾ സജ്ജീകരിച്ചിട്ടുണ്ട്. രണ്ടിടങ്ങളിലും പ്രത്യേക പരിശീലനം നേടിയ ഡോക്ടർമാരുടെ സേവനവുമുണ്ട്. ജില്ലാആശുപത്രിയിൽ ആധുനിക സജ്ജീകരണങ്ങളോട് കൂടിയ വാർഡും പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്റർ സംവിധാനമുള്ള വാർഡുമാണ് ഒരുക്കിയിരിക്കുന്നത്.
രോഗബാധിത പ്രദേശങ്ങളിൽ നിന്നും മടങ്ങിയെത്തിയവരിൽ രോഗലക്ഷണങ്ങൾ പ്രകടമല്ലെങ്കിലും 28 ദിവസം മറ്റുള്ളവരുമായി സമ്പർക്കം പുലർത്താതെ വീടുകളിൽ തന്നെ തുടരണമെന്ന് ആരോഗ്യ വകുപ്പിന്റെ കർശന നിർദ്ദേശമുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും താലൂക്കാശുപത്രികളിലും ജില്ലാ ആശുപത്രിയിലും എയർ ബോൺ ഇൻഫക്ഷൻ കൺട്രോൾ, കഫ് കോർണർ എന്നിവ സജ്ജമാക്കിയിട്ടുണ്ട്.
ജില്ലയിലെ കോറോണ നിരീക്ഷണം
തീയതി, നിരീക്ഷണത്തിലായവർ, വീടുകളിൽ കഴിയുന്നവർ ആശുപത്രികളിൽ കഴിയുന്നവർ എന്ന ക്രമത്തിൽ.
ജനു. 25 27 0 0
26 34 34 0
27 50 50 0
28 64 64 0
29 79 79 0
30 100 98 2
31 128 122 6
ഫെബ്രു1 156 147 9
2 166 160 6