കൊല്ലം: കേരളത്തിലെത്തിയ അന്താരാഷ്ട്ര ഒളിമ്പിക് അസോസിയേഷൻ ഭരണസമിതിയംഗവും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ, അന്താരാഷ്ട്ര ഹോക്കി ഫെഡറേഷൻ എന്നിവയുടെ പ്രസിഡന്റുമായ ഡോ. നരേന്ദ്ര ധ്രുവ് ബത്രയ്ക്ക് കൊല്ലം ആശ്രാമം ന്യൂ ഹോക്കി സ്‌റ്റേഡിയത്തിൽ സ്വീകരണം നൽകി.
സൈക്ലിംഗ്, ആർച്ചറി തുടങ്ങിയ കായികഇനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ ഭാരതത്തിന് ഒളിമ്പിക്സിൽ കൂടുതൽ നേട്ടമുണ്ടാക്കാൻ സാധിക്കുമെന്ന് ഡോ. നരേന്ദ്ര ധ്രുവ് ബത്ര പറഞ്ഞു. ഫുട്ബാൾ, വോളിബാൾ തുടങ്ങി ഏതാനും കായിക ഇനങ്ങൾ മാത്രമാണ് ജനപ്രിയമായിട്ടുള്ളത് ആ പ്രവണതയ്ക്ക് മാറ്റമുണ്ടാകണം. സ്പോർട്സിലും വനിതാപ്രാതിനിധ്യം വർധിക്കുന്നുണ്ട്. ടോക്കിയോ ഒളിമ്പിക്സിൽ സ്ത്രീകൾ 53 ശതമാനവും പുരുഷന്മാർ 47 ശതമാനവുമാണ്. പരിശീലനത്തിന് ഉപയോഗിക്കാനാകുംവിധം ഒരു സ്റ്റേഡിയത്തിൽ രണ്ട് ഗ്രൗണ്ടുകൾ ഉണ്ടെങ്കിൽ അന്താരാഷ്ട്ര മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ സാധ്യത ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ടോക്കിയോ-2020 ഒളിമ്പിക്‌സിന്റെ ഭാഗ്യചിഹ്നം നരേന്ദ ധ്രുവ് ബത്രയും മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മയും ചേർന്ന് അനാവരണം ചെയ്തു. കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി. സുനിൽ കുമാർ അധ്യക്ഷത വഹിച്ചു. സ്വീകരണസമ്മേളനം മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്തു.
ജില്ലാ ഒളിമ്പിക് അസോസിയേഷന്റെയും കേരള ഒളിമ്പിക് അസോസിയേഷന്റെയും ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെയും നേതൃത്വത്തിലായിരുന്നു പരിപാടി. ഹോക്കി ഇന്ത്യ പ്രസിഡന്റ് മുഹമ്മദ് മുഷ്താഖ് അഹമ്മദ്, ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അസോസിയേറ്റ് ജോയിന്റ് സെക്രട്ടറി ഭോലാനാഥ് സിംഗ്,കേരള ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി എസ്. രാജീവ്, കേരള ഒളിമ്പിക് അസോസിയേഷൻ ട്രഷറർ എം.ആർ രഞ്ജിത്ത്, കേരള ഹോക്കി ജനറൽ സെക്രട്ടറി ആർ. അയ്യപ്പൻ, ജില്ലാ കളക്ടർ ബി.അബ്ദുൽ നാസർ, കേരള ഹോക്കി ട്രഷറർ സി. ടി സോജി, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് എക്‌സ് ഏണസ്റ്റ് തുടങ്ങിയവർ പങ്കെടുത്തു.