അമൃതപുരി: അമൃതവിശ്വ വിദ്യാപീഠത്തിന്റെ അമൃതപുരി ക്യാമ്പസിൽ സംഘടിപ്പിച്ച ദേശിയ തല അന്തർകലാലയ ഫെസ്റ്റ് വിദ്യുത് -2020 സമാപിച്ചു. സൺബേൺ ഇലക്ട്രോണിക് ഡാൻസ് മ്യൂസിക് ഫെസ്റ്റോടുകൂടിയാണ് സമാപിച്ചത്. പ്രശസ്ത ഡി.ജെ സിയാന കാതറിൻ റോഡ്രിഗസ് നേതൃത്വം നല്കിയ പ്രകടനത്തിന് ഡി.ജെ റിക്കി ബ്രൗൺ,ഡി.ജെ മിസ്റ്റർ ബോസ് എന്നറിയപ്പെടുന്ന ശിലാദിത്യ ബോസ് എന്നിവരും പങ്കെടുത്തു.
ഡ്രഗ് ഡിസൈൻ ആൻഡ് ഡിസ്കവറി ശില്പശാലയിൽ നിന്നും തിരഞ്ഞെടുത്ത അല്ന, ശ്രുതി,സുകൃതി,അശ്വിനി പാലവ് എന്നിവർക്ക് ഐ.ഐ.ടി ബോംബെയിൽ നടക്കുന്ന ബയോ സയൻസ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം കിട്ടും.
സ്കൂൾ കുട്ടികളുടെ പ്രോജക്ട് പ്രദർശനം സ്പെക്ട്രയിൽ ലോർഡ്സ് പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികളായ അബിദ് അബ്ദുൽ മനാഫും മുഹമ്മദ് ബിലാലും ചേർന്ന് നിർമ്മിച്ച അസ്റ്റുട്ട് ബ്രിഡ്ജിന് ഒന്നാം സമ്മാനം ലഭിച്ചു.
പുതിയകാവ് അമൃത വിദ്യാലയത്തിലെ അഞ്ചാം ക്ളാസ് വിദ്യാർഥിയായ തേജസ് ശ്യാംലാലും തലശ്ശേരി അമൃത വിദ്യാലയത്തിലെ ഗൗതം മോഹൻ രാജ്, താരക്ക് സി.എം,അശോക് കുമാർ എന്നിവരും രണ്ടാം സമ്മാനം പങ്കിട്ടു.
ഡാൻസ് മത്സരത്തിൽ പാലക്കാട് എൻ. എസ്.എസ് കോളേജ് അറുപതിനായിരം രൂപയുടെ ഒന്നാം സമ്മാനവും ടീം ബിബോയ്സ് രണ്ടാം സമ്മാനവും ടീം സെന്റ് തെരേസാസ് മൂന്നാം സമ്മാനവും നേടി.
യുറേക്ക മൊമെന്റ്സ് മത്സരത്തിൽ തൊടുപുഴയിലെ ടോം എ കറിവേലി പതിനായിരം രൂപയുടെ ഒന്നാം സമ്മാനം കരസ്ഥമാക്കി.
കലയും കഴിവും ശാസ്ത്രവും അറിവും കോർത്തിണക്കി മൂന്ന് ദിവസങ്ങളിലായി നടന്ന ഫെസ്റ്റിൽ പതിനായിരക്കണക്കിന് ആളുകൾ പങ്കെടുത്തു. 15 ലക്ഷം രൂപയുടെ സമ്മാനങ്ങൾ കുട്ടികൾ സ്വന്തമാക്കി.