കുണ്ടറ: പങ്കാളിത്ത പെൻഷൻ നിലവിൽ വന്നതോടെ സർക്കാർ ജോലിക്ക് പഴയ പ്രതാപം നഷ്ടപ്പെട്ടിരിക്കുക്കുന്നതിനാൽ യുവാക്കൾ സർക്കാർ ജോലിതേടി ജീവിതം പാഴാക്കാതെ സ്വയം സംരംഭകരാകണമെന്ന് അയിഷാ പോറ്റി എം.എൽ.എ പറഞ്ഞു. കേരള പാണർ വനിതാസമാജത്തിന്റെ തൊഴിൽ പരിശീലനവും ബോധവൽക്കരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എൽ.എ. പ്ലാസ്റ്റിക് നിരോധനം വനിതകൾക്ക് കവറുകളുടെയും തുണിസഞ്ചികളുടെയും വലിയ കമ്പോളമാണ് തുറന്നിരിക്കുന്നതെന്നും അത് വേണ്ട വിധം ഉപയോഗപ്പെടുത്തണമെന്നും എം.എൽ.എ പറഞ്ഞു.
വനിതാസമാജം പ്രസിഡന്റ് ബിനി അദ്ധ്യക്ഷത വഹിച്ചു. സൂര്യകലാഭായി, എ.സി.പി. ശിവപ്രസാദ്, പാണൻ സമാജം സംസ്ഥാന പ്രസിഡന്റ് പി. തങ്കപ്പൻ, ജനറൽ സെക്രട്ടറി ചവറ മോഹനൻ, എഴുകോൺ സഹദേവൻ, അജയകുമാർ, പി. സദാനന്ദൻ, കെ.ആർ. രാജേന്ദ്രൻ, ശാന്തമ്മ രാജേന്ദ്രൻ, പൗഡിക്കോണം വിജയൻ, ബി.എസ്. ബാബു, അനിൽകുമാർ, ഉഷാ അയ്യപ്പൻ, സുകുമാരി, രമ, ബിജു തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് 'മൊബൈൽ ഫോൺ ദുരുപയോഗം' എന്ന വിഷയത്തിൽ എ.സി.പി. ശിവപ്രസാദ് ക്ലാസെടുത്തു.