photo
ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത കുമ്മനം രാജശേഖരനൊപ്പമുള്ള ഇഞ്ചക്കാട് ബാലചന്ദ്രന്റെ ഫോട്ടോ

കൊല്ലം: "ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാദ്ധ്യമോ" എന്ന ഒറ്റക്കവിതയിലൂടെ ശ്രദ്ധേയനായ കവി ഇഞ്ചക്കാട് ബാലചന്ദ്രന് നേരെ സൈബർ ആക്രമണം. കവി ഫേസ് ബുക്കിൽ നിന്ന് പിൻവാങ്ങി. ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനുമായുള്ള ഫോട്ടോ ജനുവരി 22ന് പോസ്റ്റ് ചെയ്തപ്പോൾ മുതൽ തുടങ്ങിയതാണ് സൈബർ ആക്രമണം.

പെരുമാറ്റംകൊണ്ട് മനസ് കീഴടക്കി എന്ന കുറിപ്പോടെയാണ് കുമ്മനത്തിനൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്തത്. ആനയടി നരസിംഹ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട സമ്മേളനത്തിന് എത്തിയ കുമ്മനത്തിനൊപ്പം വേദി പങ്കിട്ട കവി തന്റെ ആശയങ്ങൾ കുമ്മനവുമായി ചർച്ച ചെയ്തിരുന്നു. ഭീഷണിയും കളിയാക്കലുമായി കമന്റുകൾ നിറഞ്ഞു. ഫോൺ വിളിച്ചുള്ള ഭീഷണിയുമുണ്ടായി.

കവിയുടെ അവസാന

ഫേസ്ബുക്ക് പോസ്റ്റ്

''എന്നെ നന്നായി അറിയുന്നവർ എന്ന് കരുതിയ ചിലർ പോലും ഒരു ചിത്രം കണ്ടതിന്റെ പേരിൽ എന്നെ എഴുതി തള്ളുന്നത് സഹിക്കാനാവുന്നതിനും അപ്പുറമായി, എന്തുകൊണ്ട് ഞാൻ കുമ്മനം ഉൾപ്പെടെ പലരെയും കണ്ടതെന്ന് വിശദമാക്കി ഞാൻ ഇവർക്കെല്ലാം നൽകിയ കുറിപ്പ് അവർക്ക് അയച്ചു കൊടുത്തിട്ടും അതിനെക്കുറിച്ച് മൗനം പാലിച്ച് ഞാൻ ഏതോ മഹാപരാധം ചെയ്തുവെന്ന് കരുതുന്നതിനാൽ എന്നെ ഞാനാക്കി ഉയർത്തിയ ഫേസ് ബുക്കിലെ എല്ലാ സുഹൃത്തുകളോടുമുള്ള ഇഷ്ടം എന്നുമുണ്ടാകുമെന്ന അറിയിപ്പോടെ പിൻവാങ്ങുന്നു... വിട"

നല്ല സ്വപ്നങ്ങളും നീറുന്ന പ്രശ്നങ്ങളും

കൂടുതൽ തെളിമയുള്ള മനുഷ്യസമൂഹം എങ്ങനെ രൂപപ്പെടുത്താമെന്ന ചിന്തകളും നല്ല നാളെകൾക്ക് വേണ്ടുന്ന ഒരുപിടി നിർദ്ദേശങ്ങളും ഉൾപ്പെടെ എഴുതി കേരളത്തിലെ രാഷ്ട്രീയ നേതാക്കൾക്ക് കവി സമർപ്പിച്ചിരുന്നു. ഇതിൽ കുമ്മനം രാജശേഖരൻ മാത്രമാണ് ചർച്ചയ്ക്ക് സമയമുണ്ടെന്നറിയിച്ച് പ്രതികരിച്ചത്. അതിന്റെ ഭാഗമായിട്ടായിരുന്നു ഫേസ്ബുക്കിൽ ഫോട്ടോ ഇട്ടത്.